Site Network: Personal | My Company | Artist projects | Shop

 

പൊന്നാനിയുടെ ഒരു രേഖാചിത്രം



സാമ്പത്തിക വിദഗ്ദരേ ഇതിലേ



നാണ്യപ്പെരുപ്പത്തിന്റെ പുതിയ നിരക്ക് -1.61 ശതമാനം ആണെന്ന് ഇന്ന് (ജൂണ്‍ 18, വ്യാഴം) ഔദ്യോഗിക വെളിപ്പെടുത്തല്‍ വന്നിരിക്കുന്നു. ഉയര്‍ന്ന നാണയപ്പെരുപ്പ നിരക്കായ 13 % ത്തില്‍ നിന്നാണ് ഇപ്പോള്‍ -1.61 % എന്ന, ശോഷണത്തിലേക്ക് ഇപ്പോള്‍ രൂപ എത്തിയിരിക്കുന്നത്. ഇതിനു മുന്‍പ് 1977 ലാണത്രേ രൂപയുടെ അവസ്ഥ ഇതേ നിലയിലായിരുന്നത്.

വിദേശ നാണയത്തിന് ഇന്ത്യന്‍ രൂപയുമായി വിനിമയം ചെയ്യുമ്പോഴുള്ള നിരക്ക് കുറയുമെന്നതിനാല്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇക്കാര്യം ശുഭോദര്‍ക്കമല്ല. രൂപക്ക് ഡോളറുമായും ദിര്‍ഹം, ദിനാര്‍ എന്നിവയുമായുമെല്ലാമുള്ള വിനിമയ നിരക്ക് വരും നാളുകളില്‍ സ്വാഭാവികമായും കുറയും. സ്വര്‍ണ്ണത്തിന് ഈയാഴ്ച്ചയും വില കുറയല്‍ തുടരും.

എന്നാല്‍ ഇങ്ങനെ വരുന്ന അവസ്ഥകളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുറയേണ്ടതാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. മൊത്തവ്യാപാര വില സൂചികയെ അടിസ്ഥാനപ്പെടുത്തിയാണ് രൂപയുടെ മൂല്യനിര്‍ണയം നടക്കുന്നത്. സ്വാഭാവികമായും അതിന്റെ അനുരണനങ്ങള്‍ വലിയ തോതില്‍ ചില്ലറ വ്യാപാരത്തിലും പ്രതിഫലിക്കേണ്ടതാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വരും നാളുകളില്‍ ഗണ്യമായി വില കുറയേണ്ടതാണ്. പക്ഷേ കേരളത്തില്‍ പച്ചക്കറിക്കും അവശ്യ വസ്തുക്കള്‍ക്കും വിലവര്‍ദ്ധനവ് തുടര്‍ന്നു വരുന്നു.

ലഭ്യതയെയും ട്രാന്‍സ്പോര്‍ട്ടേഷനെയും മുന്‍നിര്‍ത്തിയാണെങ്കില്‍ അരിയും പഞ്ചസാരയും മാത്രമേ നാണ്യപ്പെരുപ്പത്തിലെ ഇടിവിന്റെ ഭാഗമായുള്ള വില കുറയല്‍ പ്രവണതയില്‍ നിന്ന് ഒഴിച്ചു നിര്‍ത്താന്‍ പാടുള്ളതുള്ളൂ. പക്ഷേ നീതീകരണം കണ്ടെത്താനാവാതെ സര്‍വ്വ സാധനങ്ങള്‍ക്കും വിലക്കയറ്റം തുടരുകയാണ്.

കേന്ദ്ര പൊതു വിതരണ വകുപ്പ് സഹ മന്ത്രി കെ.വി. തോമസ് കേരളത്തിലെ ഈ വിലക്കയറ്റത്തിന്റെ കാരണം അന്വേഷിക്കുമെന്ന് പ്രസ്താവിച്ചിരിക്കുന്നു.

സാമ്പത്തിക ശാസ്ത്രത്തിന്റെ വകുപ്പുകളില്‍ പെടാത്ത എന്ത് കാരണമാണ് ഈ വില വര്‍ദ്ധനവിനു പിന്നിലെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. സധാരണക്കാരെ സമ്മര്‍ദ്ദത്തിലാക്കുന്ന ഈ അവസ്ഥയില്‍ പരസ്പരം പഴിചാരി കൈ കഴുകാന്‍ സര്‍ക്കാറുകള്‍ക്ക് അവകാശമില്ല.

posted by riyaz ahamed @ 8:55 PM, ,




ആദരാഞ്ജലികള്‍


പൊന്നാനി താലൂക്കിലെ ഏവര്‍ക്കും പ്രിയം നിറഞ്ഞ പൊന്നാനി എം.ഇ.എസ് കോളേജിലെ ബഹു: റിട്ട: പ്രിന്‍സിപ്പാള്‍ മൊയ്തീന്‍ കുട്ടി സാഹബിന്റെ നിര്യാണം പൊന്നാനിക്കൊരു വലിയ നഷ്ടമാണ്. അദ്ദേഹത്തിനെ ശിഷ്യനാവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചില്ലെങ്കിലും, അദ്ദേഹവുമായി 1989 മുതല്‍ നല്ലൊരു വ്യക്തിബന്ധം നില നിര്‍ത്താനായെങ്കിലും, ഗള്‍ഫില്‍ വന്നതോടെ അതില്ലാതായി എന്നതാണ് സത്യം, ഒരിക്കല്‍ അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ മനസ്സ് മനസ്സിലാക്കിയവര്‍, പിന്നീടൊരിക്കലും അദ്ദേഹത്തോട് ബഹുമാനത്തോടെ അല്ലാതെ കാണാനാവില്ല, ഞാനാദ്യാമായി അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ മനസ്സ് ഞാന്‍ മനസ്സിലാക്കിയത്, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ഹുസൈന്‍ സാറിന്റെ പുതിയ വീട് പാര്‍ക്കലിന്, ഒരു പ്രിന്‍സിപ്പാളാണന്ന ഒരു അഹന്തയുമില്ലാതെ വിളമ്പാനും, ഇല എടുക്കാനും വൃത്തിയാക്കാനും ഒരു സാദാരണക്കാരനെ പോലെ കാണിച്ച ആ ഉത്സാഹവും സ്നേഹത്തോടെയുള്ളയുള്ള ആ പെരുമാറ്റവും, പിന്നീടങ്ങോട്ടുള്ള എന്റെ ജീവിതത്തില്‍ അദ്ദേഹത്തെ ഒരു മാതൃകാ പുരുഷനാക്കി എന്നതാണ് സത്യം. പരിചയപ്പെട്ട ഏതൊരു വ്യക്തിയും അദ്ദേഹത്തെ നിറഞ്ഞ മനസ്സോടെ സ്നേഹിച്ചിരിക്കും എന്നത് ഉറപ്പാണ്.അദ്ദേഹം ഇനി ഇല്ലാ എന്നത് മനസ്സിനൊരു വേദന ഉണ്ടാക്കുന്നു.. വല്ലാതെ അടുത്തവര്‍ പിരിയുമ്പോള്‍ അതൊരു വല്ലാത്ത നൊമ്പരമാണ്. ഏതൊരു സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിത്യമായിരുന്ന അദ്ദേഹത്തിന്റെ വേര്‍പ്പാട് പൊന്നാനിക്കാര്‍ക്ക് വലിയ നഷ്ടമാണ്, അതിലുപരി വ്യക്തിപരമായി എനിക്കും..... അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നു എന്റെയീ കൊച്ചു ബ്ലോഗില്‍

posted by വിചാരം @ 9:43 AM, ,




ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ

അവര്‍ വീണ്ടും പോവുന്നു.
ഉരുക്കാവരണമണിഞ്ഞ യാങ്കികള്‍
ആഹ്ളാദത്തിന്റെ വീരഗാഥകളുരുവിട്ടു കൊണ്ട്
വലിയ ലോകം മുറിച്ചു കടന്നുള്ള കുതിച്ചോട്ടത്തില്‍
അമേരിക്കയുടെ ദൈവത്തെ പ്രകീര്‍ത്തിച്ചു കൊണ്ട്.

ഓടകള്‍ മരിച്ചവരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.
അണി ചേരാന്‍ കഴിയാത്തവര്‍
പാടാന്‍ വിസമ്മതിച്ചവര്‍
ശബ്ദം നഷ്ടപ്പെട്ടവര്‍
താളം മറന്നു പോയവര്‍

സവാരിക്കാരുടെ മുറിക്കുന്ന ചാട്ടവാറുകള്‍-
നിങ്ങളുടെ തല മണലില്‍ ഉരുളുന്നു.
നിങ്ങളുടെ തല ചളിയിലെ ഒരു കുളം.
നിങ്ങളുടെ തല പൊടിപടലങ്ങളിലെ ഒരു മാലിന്യം.
നിങ്ങളുടെ മൂക്കാവട്ടെ മരിച്ചവരുടെ ഗന്ധം മാത്രം വലിച്ചെടുക്കുന്നു.
ചത്ത അന്തരീക്ഷം സജീവമാവുന്നത്
അമേരിക്കയുടെ ദൈവത്തിന്റെ ഗന്ധം കൊണ്ട്.




(കഴിഞ്ഞ ദിവസം അന്തരിച്ച ലോകപ്രസിദ്ധ നാടകകൃത്ത് ഹാരോള്‍ഡ് പിന്റര്‍ എഴുതിയ ഒരു യുദ്ധവിരുദ്ധ കവിത. നോബല്‍ സമ്മാനിതനായ ഈ ബ്രിട്ടീഷുകാരന്റെ വെബ്സൈറ്റില്‍ കവിതയുടെ മൂലരൂപം വായിക്കാം.

വിവര്‍ത്തനം: പി.കെ. പാറക്കടവ്‌. )

Labels:

posted by riyaz ahamed @ 8:52 AM, ,




കേരളത്തിലെ നശിച്ച തൊഴിലാളി വര്‍ഗ്ഗം

കോഴിക്കോട് വിമാനതാവളത്തിലെ ടാക്സി ഡ്രൈവേഴ്സിന്റെ ചൂഷണവും തെമ്മാടിത്തരവും
ഞാന്‍ പൊന്നാനിയിലെത്തിയിട്ട് മാസം ഒന്ന് കഴിഞ്ഞു.ഇതിനിടെ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് എന്നിവടങ്ങളിലേക്കൊല്ലെ ഹൃസ്വമായൊരു സന്ദര്‍ശനം നടത്തി, അതിലേറ്റവും രസകരമായൊരു യാത്രാനുഭവം കരിപ്പൂര്‍ വിമാനതാവളത്തിലേക്കുള്ള യാത്രയായിരിന്നു, കാലത്ത് ആറുമണി കോഴിക്കോട്ടേയ്ക്ക് തുടങ്ങിയ യാത്ര 8.30 ന് വിമാനതാവളത്തിലെത്തി.. കാത്തിരിപ്പിന് ശേഷം എന്റെ പ്രിയ ചങ്ങാതി എത്തി (കണ്ണൂര്‍ക്കാരന്‍ മൂസയെ വരവേല്‍ക്കാനായിരിന്നു ഞാനവിടെ എത്തിയത്) വാഹനം അവരെ സ്വീകരിക്കാന്‍ ഇല്ലാത്തത് കൊണ്ട്, ട്രൈയില്‍ വഴി പോവാനുള്ള ആദ്യശ്രമമെന്ന നിലയില്‍ ടാക്സി ട്രൈവേഴ്സേനോട് യാത്ര ഫെയര്‍ അന്വേഷിച്ചു, ഫെറോക്കിലേക്ക് 300 രൂപ, കോഴിക്കോട്ടേയ്ക്ക് 450 രൂപ, എന്റെ തീരുമാനം ഇതില്‍ രണ്ടിലേതിലേക്കെങ്കിലും ഒരിടത്തേയ്ക്കാവാം എന്നായിരിന്നു, എന്നാല്‍ മൂസ ഇത്തിരി അതി ബുദ്ധി കാണിച്ചു പരിചയക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്നന്വേഷിക്കട്ടെയെന്ന് പറഞ്ഞ് അവന്റെ സാധനങ്ങള്‍ എന്നെ ഏല്‍പ്പിച്ച് അപ്പുറത്തേയ്ക്ക് പോയി. ഞങ്ങടെ കൂടെ ജോലി ചെയ്തിരുന്ന കാസര്‍ഗോഡുക്കാരന്‍ പ്രകാശനെ അവന്‍ കണ്ടെത്തി, അവന്റെ കൂടെ പോവാന്‍ തീരുമാനിച്ചു, ഇവിടെ തൊഴിലാളി വര്‍ഗ്ഗം ഉണര്‍ന്നു. ഉടനെ കട്ടായം പ്രകാശന്റെ വണ്ടിയില്‍ മൂസയെ കൊണ്ടു പോവാന്‍ അനുവധിയ്ക്കില്ല, ഉടനെ എന്റെ ധര്‍മ്മ രോഷം സടകുടഞ്ഞെഴുന്നേറ്റു.. ഞാന്‍ അവരെ എതിര്‍ത്തു, എല്ലാ ഡ്രൈവേഴ്സ്സും ഒത്തു ചേര്‍ന്നു എനിക്കെതിരെ പടവാളെടുത്തു.. പോടാ പുല്ലുകളെ എന്ന കണക്കേ ഞാനും, നാലഞ്ച് പോലീസുക്കാര്‍ നോക്ക് കുത്തികളായി രസിച്ച് നില്‍ക്കുന്നുമുണ്ട്, എന്റെ ശബ്ദത്തിന് ഇത്തിരി വോളിയം കൂടുതലായതിനാല്‍ യാത്രയ്ക്കാര്‍ വട്ടം കൂടാന്‍ തുടങ്ങി, ഇതിനിടെ ചില നാട്ടുക്കാരും എനിക്കെതിരെ വന്നു. പതുക്കെ പതുക്കെ വാളെടുത്തവര്‍ അപ്രത്യമാവാന്‍ തുടങ്ങി, പ്രകാശന്റെ കാര്‍ ഡ്രൈവറെ പോലീസടക്കം ഭീഷണി മുഴക്കി ഞങ്ങളെ കയറ്റാതെ പോയി. പത്തി മടക്കിയവര്‍ പ്രശ്നപരിഹാരമെന്നോണം വന്നു കോഴിക്കേട് വരെ 250 രൂപയ്ക്ക് കൊണ്ടു പോവാനും തീരുമാനമായി ഞങ്ങടെ തന്നെ ഒരു സ്നേഹിതനെ ബേപ്പൂര്‍ക്കും അതിലെ കയറ്റി അവനും പകുതി ചാര്‍ജ്ജ്. ഇവിടെ ചുരുക്കത്തില്‍ 75% പരാജയം ഞങ്ങള്‍ക്കും 25 % പരാജയം അവര്‍ക്കും ഉന്ന്ടായി, നമ്മുടെ സ്നേഹിതന്‍ മാരുടെ കൂടെ നമ്മുക്ക് പോവാന്‍ പോലും അവകാശമില്ലാതെ തൊഴിലാളി വര്‍ഗ്ഗം സഘടിതമെന്ന് ദുഷിച്ച ആയുധം ഉപയോഗിച്ച് ഞങ്ങളെ നേരിട്ടു..
പേരും പെരുമയും റേഷന്‍ ഷാപ്പില്‍ കൊണ്ടു പോയാല്‍ അരികിട്ടില്ലല്ലോ
കോഴിക്കോട്ട് നിന്ന് അവനെ കണ്ണൂര്‍ ട്രയിനില്‍ കയറ്റി വിട്ട്, ഓട്ടോറിക്ഷക്കാര്‍ക്ക് പേരും പെരുമയും കേട്ട കോഴിക്കോട്ട് നഗരത്തിലെ ഓട്ടോ റിക്ഷയില്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് കെ.എസ്.ആര്‍.ടി സ്റ്റാന്റിലേക്ക് യാത്രയായി കൂടെ അവിടെ വെച്ച് തന്നെ അങ്ങോട്ട് മറ്റൊരു യാത്രക്കാരനും കയറി,മീറ്ററുള്ള ഓട്ടോ റിക്ഷക്കാരന്‍ കേവലം ഒരു കിലോമീറ്റര്‍ ഉള്ള യാത്ര ദൈഘ്യം വണ്‍‌വേയുടെ പേരു പറഞ്ഞ് 15 രൂപ പോയിന്റിനായി കറങ്ങി കെ.എസ്.ആര്‍.ടി സി സ്റ്റാന്റിന് മുന്‍പില്‍ ഞങ്ങളെത്തി, ഡ്രൈവര്‍ ഞങ്ങള്‍ രണ്ടു പേരില്‍ നിന്നായി 15 വീതം ആവശ്യപ്പെട്ടു, അത് കേട്ട് ഞങ്ങള്‍ രണ്ടു പേരും ആശ്ചര്യപ്പെട്ട് ചോദിച്ചു.. അല്ല ഇതെന്ത് ന്യായം ? ഞാന്‍ ചോദിച്ചു .. അല്ല മാഷേ ഞാനാണ് ഓട്ടോ വാടകയ്ക്ക് പിടിച്ചത് ഇയാളെ നിങ്ങള്‍ കയറ്റുകയും ചെയ്തു, ഞാനൊന്നും മിണ്ടുകയും ചെയ്തില്ല സാമാന്യ മര്യാദയ്ക്ക് ഓട്ടോ പിടിച്ച എനിക്കും നിങ്ങള്‍ക്കും നഷ്ടമില്ലാത്ത ഒരു ന്യായമായ ചാര്‍ജ്ജല്ലേ പറയേണ്ടത് ?, ഉടനെ ഡ്രൈവര്‍ .. ക്രൂഡൊയിലിന് വില കുറഞ്ഞിട്ടും പെടോളിന് വില കുറയ്ക്കുന്നില്ല, പിന്നെ ങ്ങളെങ്ങനെ ജീവിയ്ക്കും ? ഉത്തരം ന്യായം അതിന് യാത്രക്കാരെയാണോ ചൂഷണം ചെയ്യേണ്ടത് ? മാന്യമായ രീതിയില്‍ ഞങ്ങള്‍ 10 രൂപ കൊടുത്തു.. ഉടനെ ഡ്രൈവറുടെ ശാപവാക്കുകള്‍ .. എങ്ങനെ കേരളം നന്നാവും, വെറുതെയല്ല രാത്രി ഞങ്ങള്‍ നിങ്ങളില്‍ നിന്ന ഇരട്ടി ചാര്‍ജ്ജ് വാങ്ങേണ്ടി വരുന്നത് (അവര്‍ക്ക് തന്നെ അറിയാം രാത്രിയിലെ ഇവരുടെ കൊള്ള).. ഇത് കേട്ട ഞാനൊന്ന് പരിഹസിച്ച് ചിരിച്ചു. ഇത് ഞങ്ങള്‍ പറയേണ്ടത്, നിങ്ങള്‍ മുന്‍‌കൂട്ട് പറഞ്ഞു .. കോഴിക്കോട് ഓട്ടോറിക്ഷക്കാര്‍ക്കൊരു പേരും പെരുമയും ഉണ്ടായിരുന്നു എന്നാലത് എന്നോ പോയി മറഞ്ഞു.. ഉടനെ മറ്റൊരു ഓട്ടോക്കാരനും കൂടി ചേര്‍ന്ന് .. പേരും പെരുമയും റേഷന്‍ ഷാപ്പില്‍ കൊണ്ടു പോയാല്‍ അരികിട്ടില്ലല്ലോ .

posted by വിചാരം @ 9:35 PM, ,




പൊന്നാനിയിലെ കോളനികള്‍- 2

പാണനാരുടെ കുലമഹിമ



'പുഞ്ചവയല്‍ ചിറയുറക്കണ തോറ്റം പാട്ട്...
നെഞ്ചുരുകി പാടണ മണ്ണിന്റെ മക്കടെ പാട്ട്.'

പൊന്നാനി കാഞ്ഞിരമുക്കിലെ പാണസമുദായ കോളനിയില്‍ പതിഞ്ഞ ശബ്ദത്തില്‍ ഷമേജ് പാടി. ഷമേജ് പഴയ സ്കൂള്‍ സഹപാഠി. ഉച്ച നേരമായിരുന്നു. കോളനിയില്‍ തോറ്റം പാട്ടിന്റെ കഥകളെടുക്കാന്‍ പഴമയറിയാവുന്ന ഒരാളെ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. കലര്‍പ്പു ചേരാത്ത പഴംപാട്ടറിയുന്നവര്‍. ഐതിഹ്യങ്ങളെ വിസ്മൃതിയിലാഴ്ത്താതെ ജീവിക്കുന്നവര്‍. പഴയൊരു മാഗസിനു വേണ്ടിയായിരുന്നു. കോളനിയില്‍ ചെന്നപ്പോള്‍ ഷമേജിനെ കണ്ടു.

കോളനിയിലെ ചരിത്രവും ഐതിഹ്യങ്ങളുമറിയാവുന്നവരെ തേടി നടന്നു. പഴയ തലമുറയെല്ലാം വിസ്മൃതിയിലേക്ക് നീങ്ങിയിരുന്നു. ഒരാളെ കിട്ടാന്‍ പ്രയാസം.

ഒടുവില്‍ മൗനിയായ ഒരു മധ്യവയസ്കനിലെത്തി.

കക്ഷി മഹാമൗനം. മൗനം ഭേദിക്കാനുള്ള മാര്‍ഗവും ഷമേജ് പറഞ്ഞു.

മദ്യസേവ.

സേവയുടെ നേരമാവുന്നതു വരെ കാത്തു നിന്നു. നേരമെത്തിയപ്പോള്‍ കക്ഷി സന്തോഷവാനായി. കഥകളുടെ കെട്ടഴിച്ചു.

പറയി പെറ്റ പന്തിരു കുലത്തിലെ പ്രധാനിയാണു പാണനാര്‍. ബ്രാഹ്മണ യുവതിയാണെന്ന് കരുതി വരരുചി വേളി കഴിച്ച പറയി. പാണനാരുടെ കുലം പാട്ടുകാരുടേതാണ്. കടും തുടി കൊട്ടി വീരഗാഥകള്‍ പാടുന്ന പാണന്‍പാട്ടുകാരുടേത്.

വടക്കന്‍പാട്ടുകളും ചേകവരുടെ കഥകളൂം പാണന്‍ പാടണം. കോവിലകങ്ങളുടെയും വീരന്‍മാരുടെയും കഥകള്‍ പാടാന്‍ പാണന്‍ വേണം. തന്മൂലം ഈ വംശ പരമ്പരയുടെ ഒരു കണ്ണിയെ മേല്‍സമുദായം എപ്പോഴും കൂടെ നിര്‍ത്തി. 'മനക്കുളം പണ്ടാരത്തിങ്കല്‍' എന്ന മനക്കാരാണു പാണ സമുദായത്തെ പൊന്നാനിയില്‍ കുടിയിരുത്തിയത്.

'മഹാവിഷ്ണുവിന്റെ പിന്‍മുറക്കാരാണു പാണന്മാര്‍. പേരെടുത്ത വൈദ്യന്മാരും പാണസമുദായത്തിലുണ്ടായിട്ടുണ്ട്.' അയാള്‍ പറഞ്ഞു. കോവിലകങ്ങളില്‍ ചികിത്സ നടത്തിയിരുന്ന താമി, അറുമുഖന്‍ തുടങ്ങിയ പ്രഗത്ഭ വൈദ്യന്മാര്‍.

പണ്ട് പരമശിവനൊരു മഹാരോഗമുണ്ടായി. രോഗശമനത്തിനു പേരു കേട്ട വൈദ്യരെല്ലാം ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഒടുവില്‍ മഹാവിഷ്ണു തിരുവരങ്കന്‍ എന്ന പേരില്‍ അവതരിച്ചു. ശിവന്റെ മഹാരോഗം തിരുവരങ്കന്‍ ഭേദമാക്കി. തിരുവരങ്കനില്‍ സംപ്രീതനായ ശിവന്‍ തന്റെ കടുന്തുടി തിരുവരങ്കനു സമ്മാനിച്ചു. പിന്നീട് പാണന്മാര്‍ ആ കടുംതുടി കൊട്ടി പാടി.

പാണന്റെ കുട്ടി കരയുന്നതു പോലും തോടി രാഗത്തിലാണെന്ന് പഴമൊഴി.

പാണനു ഒടിവിദ്യയറിയാം. പട്ടിയായും പൂച്ചയായും അവന്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ മാറും. തന്മൂലം മേല്‍സമുദായത്തിനു ഇവരെ തെല്ലു പേടിയുണ്ട്.

'ഞങ്ങളെയും ഞങ്ങളുടെ സ്ത്രീകളെയും ഉപദ്രവിക്കാതിരിക്കാന്‍ ആ പേടി നില നില്ക്കേണ്ടത് ആവശ്യമായിരുന്നു', അയാള്‍ പറഞ്ഞു, 'വേറെയെന്തുണ്ട് പാണന്!'

പാണ സമുദായത്തിനു സ്വന്തമായൊരു കുലദൈവമില്ല. ഏഴു തിരിയിട്ട വിളക്കുമായി എവിടെയും പാണനാര്‍ക്ക് സ്വീകരണം ലഭിച്ചതു കൊണ്ടാവാം ഇവര്‍ക്ക് സ്വന്തമായൊരു ആരാധനാലയത്തിന്റെ ആവശ്യം ഇല്ലാതായത്.

നാടന്‍ ശീലുകള്‍ നിന്ന കോളനിയില്‍ എവിടെയോ സ്റ്റീരിയോ ജാസ് ബീറ്റുകള്‍ കേട്ടു.

തൊട്ടടുത്ത കുടിലിലെ ചാണകം മെഴുകിയ തറയിലിരുന്ന് ഒരു കുട്ടി ശ്രുതിയും താളവുമില്ലാതെ കരഞ്ഞു.

ഓര്‍മ്മയില്‍ നിന്നെടുത്ത് ഞങ്ങളുടെ കഥാകാരന്‍ ഉരുവിട്ടു:

'നാഥാ നാഥാ തുകിലുണരേണം
ആദി നാഥാ തുകിലുണരാ-
സന്ധ്യയാലേ പെട്ടുതാ തുകില്‍
അവരുടെ വാതിലടച്ചു താ-
നാഴികാലേ മുപ്പതുമൊരു
അഞ്ചര നാഴിക ചെല്ലുമ്പോള്‍
കൊട്ടിപ്പാടിയുണര്‍ത്തുവാനോ
ആദി വിഷ്ണു മലയനിതാ...'

Labels:

posted by riyaz ahamed @ 9:57 AM, ,




പൊന്നാനിയിലെ കോളനികള്‍- 1

'ശവവും മന്തുകാലും
മാന്തളും ചകിരിയും
ശിവനാമവും ബാങ്ക്‌വിളിയും
പൊന്നാനിയായ്‌'

-എം ഗോവിന്ദന്‍ (ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം)

പൊന്നാനിയുടെ 'തനിമ' അതിന്റെ പഴമയല്ല. പഴമയും പ്രൌഢിയും ഓര്‍മ്മയിലൊതുങ്ങിയ പൊന്നാനിത്തം അതിന്റെ സമകാലിക അസ്ഥിത്വത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നു. പൊന്നാനിത്തനിമയിലെ വൈവിദ്ധ്യങ്ങള്‍ ഈ നാടിന്റെ ഉള്‍വഴികളിലൂടെ പോയാലേ ദര്‍ശിക്കാനാവൂ. പലതായി പിരിയുന്ന വഴികളൂണ്ടിവിടെ. കൈവഴികളിലൂടെ പുരോഗമിക്കുന്ന സ്രോതസ്സുകള്‍.

ഊഷരവും ഉര്‍വ്വരവുമായ, അറിവിന്റെയും അനുഭവത്തിന്റെയും വഴിത്താരകള്‍. സംസ്ക്രുതിയുടെ, പരിണാമത്തിന്റെ ഇഴുകിച്ചേരലുകള്‍.

പൊന്നാനിയിലെ കോളനികള്‍...

ചൂഷിതരും ചൂഷകരും ഉള്ള, പാരമ്പര്യ വിശ്വാസങ്ങളും നിഷ്ഠകളും ആചാരങ്ങളുമുമുള്ള കുലനീതിയുടെ ലോകം.

പുതിയ കാഴ്ച്ചകളുടെയും വിപണികളുടേയും ലോകത്ത് ഒഴുകിപ്പോവുന്ന സ്വത്വത്തെ നോക്കി നെടുവീര്‍പ്പിടുകയും വറുതിയുടെ കര്‍ക്കിടകങ്ങളെ പങ്കിടുകയും ചെയ്യുന്നവരുടെ അരവയര്‍ നിറയെ കഥകള്‍...

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗോത്ര സംസ്കാരങ്ങളെ നിലനിര്‍ത്തിപോന്നിരുന്ന സംഘബോധവും പാരമ്പര്യ വിശ്വാസങ്ങളും ഉദാത്തവത്കൃതമായ പുത്തന്‍ ലോകവുമായി നേരിടുമ്പോള്‍ സംഭവിക്കാവുന്ന ഗുണപരവും അല്ലാത്തവയുമായ മാറ്റങ്ങള്‍.

ഇത് കഥകളുടെ ലോകമാണ്...

Labels:

posted by riyaz ahamed @ 6:56 AM, ,




സജ്ജാദ് ഹുസൈന്‍ ഒരു കവിയല്ല

സിന്ദഗി കിസീ ക്കാ ഉദാര്‍ ഹൈ
ക്യാ മിലാ വൊ ഉദാര്‍സെ
ന കുച്ച്.
ആസ്മാന്‍ പര്‍ ചിടിയോ ഖില്‍ഖിലാത്തെ ഖുശി മനാത്താ ഹൈ
മുജേ...മുജേ.. വൊ ഖുശി ബി നഹി.
മേം പാഗല്‍ ഹും
ലോഗ് പുകാര്‍ത്താ ഹൈ ... യേ പാഗല്‍
ന കിസീക്കൂ മാലും വഹീ ഹൈ പാഗല്‍.
മേം ബി ഹോജായേഗാ പ്രയാര്‍ കാ ഏക്ക് നിശാന്‍
ജൈസെ ലൈല മജ്നൂം, ഷാജഹാന്‍ മുംതാസ് ഐസേ.
ലേകിന്‍ അബ് നഹി
ജബ് മേരാ ശരീര്‍ ജമീന്‍ കാ നീച്ചേ ഖഫന്‍ ഹോനേക്കെ ബാത്ത് .
സിന്ദഗി കിസീ ക്കാ ഉദാര്‍ ഹൈ
ന മിലാ കുച്ച് വൊ ഉദാര്‍സെ .

ദു:ഖ സാന്ദ്രമായ വരികള്‍ ഈണത്തില്‍ പാടി സജ്ജാദ് നിമിഷങ്ങളെ സ്വര്‍ഗ്ഗീയമാക്കി.
സജ്ജാദ് ഹുസൈന്‍ ഒരു ഹിന്ദുസ്ഥാനി ഗായകനല്ല, ഒരു കവിയുമല്ല ഏവരാലും ഒരു ഭ്രാന്തനായി അറിയപ്പെടുന്നവന്‍
പൊന്നാനി തെരുവില്‍ കുപ്പായമിടാതെ നടന്നു നീങ്ങുന്നവന്‍, പീടിക തിണ്ണയില്‍ പെട്ടികള്‍ തബലയാക്കി കഞ്ചാവിന്റെ മാസ്മരികതയില്‍ പഴയ ഗസല്‍ താളുകള്‍ അയവിറയ്ക്കുന്ന കൂട്ടങ്ങളില്‍ ഈണത്തോടെ അര്‍ത്ഥഭംഗിയോടെ പാട്ടുകള്‍ പാടുന്നവന്‍.

മുജേ ബി ഥാ ഏക്ക് മുംതാസ്
മേം നഹി ബനാ ഉസ്കേലിയേ താജ്‌മഹല്‍
ലേക്കിന്‍ വഹ് ബനാ മേരേലിയെ ഏക് പാഗല്‍ ഘാന
മേം അബി ഏക്ക് പാഗല്‍ ഹും.

പൊന്നാനിക്കാരുടെ ഇടയില്‍ അവരിലൊരാളായിരിന്നു സജ്ജാദ്.
അയല്‍‌വാസിയെ പ്രണയിച്ച സജ്ജാദ്, പ്രണായാതുരമായ കവിതകള്‍ക്ക് ഈണമിട്ടു പാടി

മേരെ യാദോംക്കി കഹി മുഹല്ലാമെ തേരി തസ്‌വീര്‍ ഹൈ.
മേരെ മന്‍ ക്കി ചാരോം തരഫ് തേരി തസ്‌വീര്‍ ഹൈ
മേരെ കമരോം കീ സാരാ ദീവാരോം പര്‍ തേരി തസ്‌വീര്‍ ഹൈ
മേം കഹി ദേഖാ ത്തോ വഹാം സബ് തേരി തസ്‌വീര്‍ ഹൈ
മേരാ മന്‍, ശരീര്‍ ദുനിയാ പൂരാ തേരി തസ്‌വീര്‍ ഹൈ.

ഇന്നവന്റെ ഇഷ്ട സ്ഥലം ശവപറമ്പാണ്, ഭാരതപുഴയിലെ മണല്‍ തിട്ടയില്‍ കുഴിച്ചിടപ്പെട്ട അപ്പുവേട്ടന്റേയും , കൃഷ്ണേട്ടന്റേയും ശവകൂനകരികെ നിലാവില്‍ ഓരിടുന്ന കുറുനരികള്‍ക്കുമിടയില്‍ യാമങ്ങളെ നിദ്രാവിഹീനങ്ങളാക്കി സദ്ദാദ് പാടി

വിളിച്ചു അവളെന്നെ അരികിലേക്ക്
ചെന്നു ഞാനവളുടെ അരികിലേക്ക്
അധരങ്ങള്‍കൊണ്ടെന്റെ അധരങ്ങളില്‍
മധുരം നല്‍കി.
രതി ലഹരിയില്‍ ഞാന്‍ എന്നെ മറന്നു
എന്നിട്ടും അവളെന്നെ ..... ഹഹ ഹഹ
പിന്നെ വരികള്‍ക്ക് പൊട്ടിചിരിയുടെ ..പിന്നെയത് ആര്‍ത്തനാദമായി .
ചിരി നിന്നു സജ്ജാദ് ദേഷ്യത്തോടെ സ്വയം ആരോടിന്നില്ലാതെ പറഞ്ഞു
അവള്‍ക്കെന്നെ അറിയില്ലത്രെ .. അവള്‍ക്കെന്നെ അറിയില്ലത്രെ .. അവള്‍ക്കെന്നെ അറിയില്ലത്രെ
ഒരു നിമിഷത്തിന്റെ ആയിരത്തൊന്നു അംശത്തിന്റെ മാറ്റത്തിനുള്ളില്‍ അവളെന്നെ അറിയാതെ പോയി .. സജ്ജാദ് ഉറക്കെ ഉറക്കെ പറഞ്ഞു .. പിന്നെയത് കരച്ചിലായി. തേങ്ങലായ് തികച്ചും നിശബ്ദമായി.

സജ്ജാദിനേയും അവളേയും കിടപ്പറയില്‍ നിന്നു പിടിക്കപ്പെട്ടപ്പോള്‍ അവള്‍ ഉണ്ണിയാര്‍ച്ചയുടെ തനി സ്വരൂപമായി
ഇവനെന്നെ കയറി പിടിച്ചു, പൊതിരെ തല്ലു കിട്ടിയ സജ്ജാദിനെ പോലീസിലേല്‍പ്പിച്ചു.
കോടതി സജ്ജാദിനെ വെറുതെ വിട്ടു. സജ്ജാദിന് മാനസ്സികരോകമെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാല്‍.
കോടതി സജ്ജാദിനെ മോചിപ്പിച്ച ദിനം
സജ്ജാദിന്റെ വീടിനരികെയുള്ള ശവപറമ്പില്‍ കത്തിയെരിഞ്ഞമര്‍ന്ന ചിതയില്‍ അണയാതെ കിടന്ന തീ കനല്‍ കൂ‍ട്ടത്തിലേക്ക് കൈ കയറ്റി വേദനകളെ ആനന്ദമാക്കി അട്ടഹസിച്ചു.
ഇന്നും ഭാരതപുഴയുടെ ശ്മാശനപറമ്പുകളില്‍ ഒറ്റയ്ക്കിരിന്നു ഈണത്തില്‍ പാടുന്ന സജ്ജാദിനെ കാണാം.
സിന്ദഗി കിസീ ക്കാ ഉദാര്‍ ഹൈ
ക്യാ മിലാ വൊ ഉദാര്‍സെ
ന കുച്ച്
ആസ്മാന്‍ പര്‍ ചിടിയോ ഖില്‍ഖിലാത്തെ ഖുശി മനാത്താ ഹൈ
മുജേ...മുജേ.. വൊ ഖുശി ബി നഹി.
മേം പാഗല്‍ ഹും
ലോഗ് പുകാര്‍ത്താ ഹൈ ... യേ പാഗല്‍
ന കിസീക്കൂ മാലും വഹീ ഹൈ പാഗല്‍.

posted by വിചാരം @ 10:57 PM, ,