സാമ്പത്തിക വിദഗ്ദരേ ഇതിലേ
Thursday, June 18, 2009

നാണ്യപ്പെരുപ്പത്തിന്റെ പുതിയ നിരക്ക് -1.61 ശതമാനം ആണെന്ന് ഇന്ന് (ജൂണ്‍ 18, വ്യാഴം) ഔദ്യോഗിക വെളിപ്പെടുത്തല്‍ വന്നിരിക്കുന്നു. ഉയര്‍ന്ന നാണയപ്പെരുപ്പ നിരക്കായ 13 % ത്തില്‍ നിന്നാണ് ഇപ്പോള്‍ -1.61 % എന്ന, ശോഷണത്തിലേക്ക് ഇപ്പോള്‍ രൂപ എത്തിയിരിക്കുന്നത്. ഇതിനു മുന്‍പ് 1977 ലാണത്രേ രൂപയുടെ അവസ്ഥ ഇതേ നിലയിലായിരുന്നത്.
വിദേശ നാണയത്തിന് ഇന്ത്യന്‍ രൂപയുമായി വിനിമയം ചെയ്യുമ്പോഴുള്ള നിരക്ക് കുറയുമെന്നതിനാല്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇക്കാര്യം ശുഭോദര്‍ക്കമല്ല. രൂപക്ക് ഡോളറുമായും ദിര്‍ഹം, ദിനാര്‍ എന്നിവയുമായുമെല്ലാമുള്ള വിനിമയ നിരക്ക് വരും നാളുകളില്‍ സ്വാഭാവികമായും കുറയും. സ്വര്‍ണ്ണത്തിന് ഈയാഴ്ച്ചയും വില കുറയല്‍ തുടരും.
എന്നാല്‍ ഇങ്ങനെ വരുന്ന അവസ്ഥകളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുറയേണ്ടതാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. മൊത്തവ്യാപാര വില സൂചികയെ അടിസ്ഥാനപ്പെടുത്തിയാണ് രൂപയുടെ മൂല്യനിര്‍ണയം നടക്കുന്നത്. സ്വാഭാവികമായും അതിന്റെ അനുരണനങ്ങള്‍ വലിയ തോതില്‍ ചില്ലറ വ്യാപാരത്തിലും പ്രതിഫലിക്കേണ്ടതാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വരും നാളുകളില്‍ ഗണ്യമായി വില കുറയേണ്ടതാണ്. പക്ഷേ കേരളത്തില്‍ പച്ചക്കറിക്കും അവശ്യ വസ്തുക്കള്‍ക്കും വിലവര്‍ദ്ധനവ് തുടര്‍ന്നു വരുന്നു.

കേന്ദ്ര പൊതു വിതരണ വകുപ്പ് സഹ മന്ത്രി കെ.വി. തോമസ് കേരളത്തിലെ ഈ വിലക്കയറ്റത്തിന്റെ കാരണം അന്വേഷിക്കുമെന്ന് പ്രസ്താവിച്ചിരിക്കുന്നു.
സാമ്പത്തിക ശാസ്ത്രത്തിന്റെ വകുപ്പുകളില്‍ പെടാത്ത എന്ത് കാരണമാണ് ഈ വില വര്‍ദ്ധനവിനു പിന്നിലെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. സധാരണക്കാരെ സമ്മര്‍ദ്ദത്തിലാക്കുന്ന ഈ അവസ്ഥയില്‍ പരസ്പരം പഴിചാരി കൈ കഴുകാന്‍ സര്‍ക്കാറുകള്‍ക്ക് അവകാശമില്ല.
posted by riyaz ahamed @ 8:55 PM,
1 Comments:
- At 1:36 AM, riyaz ahamed said...
-
മൊത്ത വില സൂചികയുടെ കയറ്റിറക്കങ്ങളില്‍ അവശ്യ വസ്തുക്കളുടെ പങ്ക് വെറും ഇരുപത് ശതമാനത്തോളം മാത്രമാണ്. സ്റ്റീല്‍, സിമന്റ് തുടങ്ങിയ നിര്‍മ്മാന വസ്തുക്കളും വാഹനങ്ങളും ആഡംബര വസ്തുക്കളുമാണ് സാധാരണക്കാരുടെ ദൈനം ദിന ആവശ്യങ്ങളേക്കാളേറെ കമ്പോളത്തെ നിയന്ത്രിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ഇവയുടെ ആവശ്യങ്ങളില്‍ വന്ന കുറവും വിലവ്യത്യാസവുമാണ് മൊത്ത വില സൂചികയുടെ ഇപ്പോഴത്തെ മാറ്റങ്ങള്‍ക്ക് കാരണം.
അവശ്യ വസ്തുക്കളുടെ ക്രയ വിക്രയത്തേക്കാള്‍ ഒരു ന്യൂന പക്ഷം മാത്രം വരുന്ന ആളുകളുടെ ആവശ്യങ്ങളാണ് കമ്പോളത്തെ നിയന്ത്രിക്കുന്നത് എന്നതാണ് ഇതിലെ ദുരന്തം. ഇന്ത്യയിലെ ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാരും ദരിദ്രരും അവരുടെ ആവശ്യങ്ങളും സാമ്പത്തികശാസ്ത്ര പരിഗണനകളിലും കണക്കുകളിലും ഇപ്പോഴും അവഗണിക്കപ്പെടുന്നു.