Site Network: Personal | My Company | Artist projects | Shop

 

പൊന്നാനിയുടെ ഒരു രേഖാചിത്രം



പൊന്നാനിയിലെ കോളനികള്‍- 2

പാണനാരുടെ കുലമഹിമ



'പുഞ്ചവയല്‍ ചിറയുറക്കണ തോറ്റം പാട്ട്...
നെഞ്ചുരുകി പാടണ മണ്ണിന്റെ മക്കടെ പാട്ട്.'

പൊന്നാനി കാഞ്ഞിരമുക്കിലെ പാണസമുദായ കോളനിയില്‍ പതിഞ്ഞ ശബ്ദത്തില്‍ ഷമേജ് പാടി. ഷമേജ് പഴയ സ്കൂള്‍ സഹപാഠി. ഉച്ച നേരമായിരുന്നു. കോളനിയില്‍ തോറ്റം പാട്ടിന്റെ കഥകളെടുക്കാന്‍ പഴമയറിയാവുന്ന ഒരാളെ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. കലര്‍പ്പു ചേരാത്ത പഴംപാട്ടറിയുന്നവര്‍. ഐതിഹ്യങ്ങളെ വിസ്മൃതിയിലാഴ്ത്താതെ ജീവിക്കുന്നവര്‍. പഴയൊരു മാഗസിനു വേണ്ടിയായിരുന്നു. കോളനിയില്‍ ചെന്നപ്പോള്‍ ഷമേജിനെ കണ്ടു.

കോളനിയിലെ ചരിത്രവും ഐതിഹ്യങ്ങളുമറിയാവുന്നവരെ തേടി നടന്നു. പഴയ തലമുറയെല്ലാം വിസ്മൃതിയിലേക്ക് നീങ്ങിയിരുന്നു. ഒരാളെ കിട്ടാന്‍ പ്രയാസം.

ഒടുവില്‍ മൗനിയായ ഒരു മധ്യവയസ്കനിലെത്തി.

കക്ഷി മഹാമൗനം. മൗനം ഭേദിക്കാനുള്ള മാര്‍ഗവും ഷമേജ് പറഞ്ഞു.

മദ്യസേവ.

സേവയുടെ നേരമാവുന്നതു വരെ കാത്തു നിന്നു. നേരമെത്തിയപ്പോള്‍ കക്ഷി സന്തോഷവാനായി. കഥകളുടെ കെട്ടഴിച്ചു.

പറയി പെറ്റ പന്തിരു കുലത്തിലെ പ്രധാനിയാണു പാണനാര്‍. ബ്രാഹ്മണ യുവതിയാണെന്ന് കരുതി വരരുചി വേളി കഴിച്ച പറയി. പാണനാരുടെ കുലം പാട്ടുകാരുടേതാണ്. കടും തുടി കൊട്ടി വീരഗാഥകള്‍ പാടുന്ന പാണന്‍പാട്ടുകാരുടേത്.

വടക്കന്‍പാട്ടുകളും ചേകവരുടെ കഥകളൂം പാണന്‍ പാടണം. കോവിലകങ്ങളുടെയും വീരന്‍മാരുടെയും കഥകള്‍ പാടാന്‍ പാണന്‍ വേണം. തന്മൂലം ഈ വംശ പരമ്പരയുടെ ഒരു കണ്ണിയെ മേല്‍സമുദായം എപ്പോഴും കൂടെ നിര്‍ത്തി. 'മനക്കുളം പണ്ടാരത്തിങ്കല്‍' എന്ന മനക്കാരാണു പാണ സമുദായത്തെ പൊന്നാനിയില്‍ കുടിയിരുത്തിയത്.

'മഹാവിഷ്ണുവിന്റെ പിന്‍മുറക്കാരാണു പാണന്മാര്‍. പേരെടുത്ത വൈദ്യന്മാരും പാണസമുദായത്തിലുണ്ടായിട്ടുണ്ട്.' അയാള്‍ പറഞ്ഞു. കോവിലകങ്ങളില്‍ ചികിത്സ നടത്തിയിരുന്ന താമി, അറുമുഖന്‍ തുടങ്ങിയ പ്രഗത്ഭ വൈദ്യന്മാര്‍.

പണ്ട് പരമശിവനൊരു മഹാരോഗമുണ്ടായി. രോഗശമനത്തിനു പേരു കേട്ട വൈദ്യരെല്ലാം ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഒടുവില്‍ മഹാവിഷ്ണു തിരുവരങ്കന്‍ എന്ന പേരില്‍ അവതരിച്ചു. ശിവന്റെ മഹാരോഗം തിരുവരങ്കന്‍ ഭേദമാക്കി. തിരുവരങ്കനില്‍ സംപ്രീതനായ ശിവന്‍ തന്റെ കടുന്തുടി തിരുവരങ്കനു സമ്മാനിച്ചു. പിന്നീട് പാണന്മാര്‍ ആ കടുംതുടി കൊട്ടി പാടി.

പാണന്റെ കുട്ടി കരയുന്നതു പോലും തോടി രാഗത്തിലാണെന്ന് പഴമൊഴി.

പാണനു ഒടിവിദ്യയറിയാം. പട്ടിയായും പൂച്ചയായും അവന്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ മാറും. തന്മൂലം മേല്‍സമുദായത്തിനു ഇവരെ തെല്ലു പേടിയുണ്ട്.

'ഞങ്ങളെയും ഞങ്ങളുടെ സ്ത്രീകളെയും ഉപദ്രവിക്കാതിരിക്കാന്‍ ആ പേടി നില നില്ക്കേണ്ടത് ആവശ്യമായിരുന്നു', അയാള്‍ പറഞ്ഞു, 'വേറെയെന്തുണ്ട് പാണന്!'

പാണ സമുദായത്തിനു സ്വന്തമായൊരു കുലദൈവമില്ല. ഏഴു തിരിയിട്ട വിളക്കുമായി എവിടെയും പാണനാര്‍ക്ക് സ്വീകരണം ലഭിച്ചതു കൊണ്ടാവാം ഇവര്‍ക്ക് സ്വന്തമായൊരു ആരാധനാലയത്തിന്റെ ആവശ്യം ഇല്ലാതായത്.

നാടന്‍ ശീലുകള്‍ നിന്ന കോളനിയില്‍ എവിടെയോ സ്റ്റീരിയോ ജാസ് ബീറ്റുകള്‍ കേട്ടു.

തൊട്ടടുത്ത കുടിലിലെ ചാണകം മെഴുകിയ തറയിലിരുന്ന് ഒരു കുട്ടി ശ്രുതിയും താളവുമില്ലാതെ കരഞ്ഞു.

ഓര്‍മ്മയില്‍ നിന്നെടുത്ത് ഞങ്ങളുടെ കഥാകാരന്‍ ഉരുവിട്ടു:

'നാഥാ നാഥാ തുകിലുണരേണം
ആദി നാഥാ തുകിലുണരാ-
സന്ധ്യയാലേ പെട്ടുതാ തുകില്‍
അവരുടെ വാതിലടച്ചു താ-
നാഴികാലേ മുപ്പതുമൊരു
അഞ്ചര നാഴിക ചെല്ലുമ്പോള്‍
കൊട്ടിപ്പാടിയുണര്‍ത്തുവാനോ
ആദി വിഷ്ണു മലയനിതാ...'

Labels:

posted by riyaz ahamed @ 9:57 AM,

5 Comments:

At 11:45 AM, Blogger riyaz ahamed said...

പൊന്നാനിയിലെ കോളനികള്‍- 2

 
At 8:08 PM, Blogger അനില്‍@ബ്ലോഗ് // anil said...

റിയാസ്,
വായിക്കുന്നുണ്ടു.ഒപ്പം ഭാഷാപ്രയോഗത്തിലെ താങ്കളുടെ സ്വാധീനവും. ഭാഷൂടെ മൂടുപടത്തില്‍ സത്യങ്ങള്‍ മറയാതിരിക്കട്ടെ എന്ന ഒരു ആശംസയും കിടക്കട്ടെ.

കഴിഞ്ഞ പൊസ്റ്റിലെ കമന്റുകള്‍ വായിച്ചിരുന്നു.മറുകമന്റുകള്‍ ഇല്ല.

മലപ്പുറം ജില്ലയുടെ ഭാഗമാണു പൊന്നാനിയെങ്കിലൂം ഭാഷ, സംസ്കാരം ഇവയെല്ലാം അതിനെ ആ ജില്ലയില്‍ നിന്നും വേറിട്ടു നിറുത്തുന്നു എന്നാണു എന്റെ നിരീക്ഷണം. ഈ പോസ്റ്റിന്റെ തുടക്കവും അങ്ങിനെ തന്നെ സൂചിപ്പിക്കുന്നു. അപ്പോള്‍ ഇതു പൊന്നാനി താലൂക്ക് മൊത്തത്തിലുള്ള ഒരു പഠനമാണല്ലെ? നല്ലതു.

ആശംസകള്‍.

 
At 11:23 PM, Blogger Areekkodan | അരീക്കോടന്‍ said...

ആശംസകള്‍.

 
At 2:04 AM, Blogger മലമൂട്ടില്‍ മത്തായി said...

നല്ല ഉദ്യമം. വിവരങ്ങള്‍ക്ക് നന്ദി. ഇനിയും വായിക്കാം.

 
At 11:29 PM, Blogger മനോജ് മേനോന്‍ said...

നന്നായിരിക്കുന്നു.....

ഉത്രാടസന്ധ്യയില്‍ ഉമ്മറകോലായില്‍, ഹൃദയത്തുടികൊട്ടിപാടുന്ന പാണന്‍റെ പാട്ട്....ഓരോ ഓണകാലത്തും മനസ്സില്‍ ചിറകുവിരിച്ച് ഉയര്‍ത്തെഴുന്നേല്‍ക്കും ........ഒരു കാഞ്ഞിരമുക്ക് സ്വദേശിയിയായ ഞാന്‍ അടുത്തറിയുന്നു ആ താളം

 

Post a Comment

<< Home