Site Network: Personal | My Company | Artist projects | Shop

 

പൊന്നാനിയുടെ ഒരു രേഖാചിത്രം



പൊന്നാനിയിലെ ദൃശ്യവിരുന്ന്






പൊന്നാനിയിലെ ചില ദൃശ്യ വിരുന്ന് ഈ ഫോട്ടോകള്‍ അയച്ച് തന്നത് നമ്മുടെ വിഷ്ണു പ്രസാദ് മാഷ് ഫോട്ടോഗ്രാഫര്‍ മെഹ്ബൂബ് കൂടല്ലൂര്‍കൂടുതല്‍ ചിത്രങ്ങള്‍ അടുത്ത പോസ്റ്റില്‍.

posted by വിചാരം @ 4:51 AM, ,




പൊന്നാനി

പൊന്നാനി .. എന്ന്‌ കേട്ടാല്‍ ..... തൊപ്പിയിടാന്‍ പോകുന്ന ഒരു സ്ഥലമെന്നാണു ഒത്തിരി പേര്‍ ധരിച്ച്‌ വെച്ചിരിക്കുന്നത്‌ ഇത്‌ സിനിമാക്കാര്‍ ഉണ്ടാക്കിയ പല പുകിലില്‍ ഒരു പുകില്‍, സാഹിത്യക്കാരന്‍മാര്‍ പൊന്നാനിയെ വര്‍ണ്ണിച്ചതും ഒരല്‍പ്പം തെറ്റായി തന്നെ..... അവരുടെ കണ്‍ക്കോണില്‍... നിര നിരായുള്ള പള്ളികളും പള്ളിക്കാടുകളും... ഉണക്കാന്‍ നിരത്തിയിട്ടിരിക്കുന്ന മാന്തളും, അന്തിയോളം അധ്ദ്വാനിക്കുന്ന എല്ലൂന്തിയ ശരീരവുമേന്തിയ മന്തു കാലന്‍മാരും, ശവങ്ങള്‍ക്ക്‌ കാവല്‍ നില്‍ക്കുന്ന മീശാന്‍ കല്ലുകളും, പുഴയരുകില്‍ ചീയ്യാന്‍ പൂഴ്ത്തിട്ടിരിക്കുന്ന ചകിരികളും അവയില്‍ നിന്നുള്ള അസഹനീയമായ നാറ്റവും .... ശരിക്കും ഇവര്‍ പൊന്നാനിക്കൊരു ചീഞ്ഞ വിക്രിത മുഖം നല്‍കി.... എല്ലൂന്തിയ കോലങ്ങളെ കാണാം പക്ഷെ അവര്‍ സ്നേഹത്തിണ്റ്റെ മുഖമുദ്രകളാണു...... പള്ളികളും പള്ളിക്കാടുകളും ... ഖബറുകള്‍ക്ക്‌ കാവല്‍ നില്‍ക്കുന്ന മീശാന്‍ ക്കല്ലുകളും കാണാം .. ഇതലാം ഒരു ജനതയുടെ സംസ്ക്കാരത്തിണ്റ്റെ ചിഹ്നങ്ങളാണു.

പഴയകാല പൊന്നാനി താലൂക്ക്‌ കേരളത്തിണ്റ്റെ നവോത്ഥാന പ്രസ്ത്ഥാനങ്ങള്‍ക്ക്‌ തുടക്കം കുറിച്ച ഒരിടം...മലയാളത്തിണ്റ്റെ പിതാവ്‌ മുതല്‍ കേരളത്തിണ്റ്റെ ആദ്യത്തെ ചരിത്രം എഴുതിയ ബഹു:സൈനുദ്ധീന്‍ മഖ്ദൂം , വി.ടി.ഭട്ടതിരിപ്പാട്‌ ,പ്രേംജി,വെളിയംക്കോട്‌ ഉമര്‍ഖാസി,ഇടശ്ശേരി,ഉറൂബ്‌ എണ്ണിയാല്‍ ഒടുങ്ങാത്ത മത വാഗ്മികള്‍ക്കും കലാ സാംസ്ക്കാരിക നവോത്ഥാന നായകന്‍മാര്‍ക്കും വെള്ളവും വളവും നല്‍കിയൊരിടം അതു മാത്രമാണൊ പൊന്നാനി .... വിശാസികള്‍ ഇല്‍മി(വിജ്ഞാനം) കേന്ദ്രമെന്നും ചെറിയ മെക്കയെന്നും വിശേഷിപ്പിച്ചു.....പൊന്നാനി സുന്ദരമായ നാമവും അസുന്ദരങ്ങളായ ധാരണകളുമായൊരിടം ....

ഇന്ന് അംബത്‌ വാര്‍ഡുകളായി പരിമിധിപ്പെടുത്തിയ പൊന്നാനിയില്‍ വൈവിധ്ദ്യമാര്‍ന്ന സംസ്കാരവും, ഭാഷാ ശൈലിയും, സ്വഭാവ വൈശിഷ്ട്യങ്ങളും നിറഞ്ഞ്‌ നില്‍ക്കുന്നു.. അതു ഞാന്‍ മാലോകര്‍ക്ക്‌ അനാവരണം ചെയ്യട്ടെ....

പൊന്നാനിയുടെ ഹൃദയഭാഗമാണു പൊന്നാനി ടൌണ്‍ ഇത്‌ സ്ഥിതി ചെയ്യുന്നത്‌ കനോലി കനാലിണ്റ്റെ പടിഞ്ഞാറു ഭാഗത്താണു, നാലുഭാഗത്താലും വെള്ളത്താല്‍ ചുറ്റപ്പെട്ടൊരു സ്ഥലമാണു പൊന്നാനിയെന്നു പറയാം... ഒരു ഭാഗം ഭാരത പുഴയാലും കനോലി കനാലാളും മറുഭാഗം കടലാലും(അഞ്ച്‌ കിലോമീറ്റര്‍ നീള്ളത്താല്‍) ചുറ്റപെട്ടിരിക്കുന്നു... ആറുപാലങ്ങളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു പൊന്നാനിയുടെ ഹൃദയഭാഗത്തെ പുറം ലോകവുമായി , പൊന്നാനി അങ്ങാടിയെ(ടൌണ്‍ ആയും അങ്ങാടിയായും) രണ്ടായി ഭാഗിക്കുന്ന ഒരു പാലമാണു അങ്ങാടിപാലം, ചരിത്രപരമായി ഒത്തിരി പ്രാധാന്യം അര്‍ഹിക്കുന്ന ഒരിടമാണു പൊന്നാനി ടൌണ്‍ .. ഇവിടെയാണു അഞ്ഞൂറുവര്‍ഷം പഴക്കമുള്ള പൊന്നാനി വലിയ ജുമ്മ-അത്ത്‌ പള്ളി സ്ഥിതി ചെയ്യുന്നത്‌ തൊട്ടടുത്തായി ആയിരത്തി തൊള്ളായിരത്തില്‍ സ്ഥാപിതമായ മത പരിവര്‍ത്തന കേന്ദ്രവും.

പൊന്നാനി ടൌണില്‍ നൂറുശതമാനവും മുസ്ളിംങ്ങളാണു (ഇവിടെ ഇത്രയും മുസ്ളിങ്ങള്‍ ഉണ്ടാവാന്‍ കാരണം ടിപ്പുവിണ്റ്റെ പടയോട്ടമണന്ന തെറ്റായ ഒരു ധാരണ നിലനില്‍ക്കുന്നുണ്ട്‌ ചരിത്രപരമായ വസ്തുതകള്‍ പരിശോധിചാലും സാമാന്യ ബുദ്ധികൊണ്ട്‌ ചിന്തിച്ചാലും ഇത്‌ തികച്ചും വങ്കത്തരം നിറഞ്ഞ ധാരണയാണന്നു നമ്മുക്ക്‌ മനസ്സിലാക്കാം.. വിശദമായൊരു വിശദീകരണത്തിനു ഞാന്‍ ഒരുക്കമല്ലെങ്കിലും... ഒരല്‍പം.....

മുസ്ളിംങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഒരിടത്തേ ഒരു മുസ്ളിം പള്ളിയുടെ ആവശ്യം ഉണ്ടാകൂ മെക്കയില്‍ നിന്നു മത പ്രബോധനത്തിനു വന്ന ഒരു വാഗ്മിയാണു സൈനുദ്ധീന്‍ മഖ്ദൂം തങ്ങള്‍ ആ കാലത്തെ ഹിന്ദു വിശ്വാസിയായ ഒരു നാട്ടുപ്രമാണി സംഭാവന നല്‍കിയ മണ്ണിലാണു ജുമ്മ-അത്ത്‌ പള്ളി നിര്‍മ്മിച്ചിരിക്കുന്നതു(ഈ പള്ളി നിര്‍മാണത്തിനു പിന്നില്‍ ചില ഐതിഹ്യങ്ങളുണ്ട്‌) സൈനുദ്ധീന്‍ മഖ്ദൂം ജീവിച്ചിരുന്നതും പള്ളി നിര്‍മ്മിച്ചതും പതിനാറാം നൂറ്റാണ്ടിലാണന്ന് ഓര്‍ക്കുക.. പിന്നീട്‌ നൂറ്റിയംബത്‌ വര്‍ഷത്തിനു ശേഷമാണു ടുപ്പു സുല്‍ത്താന്‍ ജനിച്ചത്‌( 1750-1799) നൂറ്റി അംബത്‌ വര്‍ഷംകൊണ്ട്‌ എത്രമാത്രം മുസ്ളിം വര്‍ധനവ്‌ ഉണ്ടായിരിക്കണം എന്നു സാമാന്യ ചിന്തകൊണ്ട്‌ ആലോചിക്കുക... പിന്നെ ടിപ്പു ഒരു മത വിരോധി ആയിരുന്നെങ്കില്‍ അദ്ദേഹം കോട്ട കെട്ടിയ പാലക്കാടും,കാസര്‍ഗോഡും, വെല്ലൂരുമെല്ലാം പൊന്നാനിയേക്കാള്‍ വലിയ മുസ്ളിം കേന്ദ്രമായേനെ , അദ്ദേഹത്തിണ്റ്റെ സൈന്യാധിപന്‍ ഒരു ഹിന്ദു ആയരിന്നു, ഹനുമാന്‍ ഭക്തനായ സൈന്യാധിപനു പ്രാര്‍ത്ഥിക്കാന്‍ കോട്ടയില്‍ തന്നെ സൌകര്യം നല്‍കിയതിനു തെളിവാണു പാലക്കാട്‌ ടിപ്പു കോട്ടയില്‍ ഹനുമാന്‍ ക്ഷേത്രം നിലനില്‍ക്കുന്നതു).

പൊന്നാനി ടൌണില്‍ രണ്ട്‌ വിഭാഗം ജനതയാണു ഉള്ളത്‌ തൊഴിലാളി വര്‍ഗ്ഗവും മുതലാളി വര്‍ഗ്ഗവും, മുതലാളിമാര്‍ എന്നാല്‍ പഴയകാല തറവാട്ടുക്കാര്‍ ഇവരുടെ കയ്യില്ലായിരിന്നു ഭൂരിഭാഗം പൊന്നാനിയിലെ സ്ഥാപനങ്ങളും മറ്റും ഇവിടെ ജോലി ചെയ്തിരുന്ന ഒരു വിഭാഗമാണു തൊഴിലാളി വര്‍ഗ്ഗം, ഈ തൊഴിലാളികള്‍ തിങ്ങി പാര്‍ത്തിരുന്നത്‌ മുതലാളിമാരുടെ പറമ്പുകളിയിലാണു,( അബ്ദുല്‍ ഖാദര്‍ ഹാജി എന്ന മുതലാളിയുടെ പറമ്പാണു പൊന്നാനി അങ്ങാടി പാലത്തിനും പള്ളികടവിനുമിടയിലുള്ള അറക്കള്‍ വളപ്പ്‌, ഇവിടെ അറുപതോളം വീടുകള്‍).

പൊന്നാനി ടൌണില്‍ മാത്രം നിലനിന്നിരുന്ന ചില ആചാരങ്ങളാണു (ഇന്നു വളരെ കുറവാണു.. ഇല്ലാ എന്നു തന്നെ പറയാം) വിവാഹാനന്തരം വീട്ടില്‍ കൂടല്‍ (ഇന്നു കണ്ണൂരും കോഴിക്കോട്‌ ടൌണിലും നിലനില്‍ക്കുന്നു) വരന്‍ പെണ്ണിണ്റ്റെ വീട്ടില്‍ സ്ഥിരതാമസമാക്കും, പെണ്ണിണ്റ്റെ വീട്ടുക്കാര്‍ കഴിവിനനുസരിച്ച്‌ വരനു അറയൊരുക്കും, ആ അറയില്‍ എല്ലാ സൌകര്യങ്ങളും ഉണ്ടായിരിക്കും, സ്ഥിരതാമസമാക്കുന്ന വ്യക്തി ദിവസേന നിശ്ചിത സംഖ്യ പെണ്ണിണ്റ്റെ കൈയ്യില്‍ ചിലവിനു കൊടുക്കും, പെണ്ണിണ്റ്റെ ഉമ്മയാണു ആ വീട്ടിലെ അധിപ കൂടാതെ പെണ്ണിണ്റ്റെ മൂത്ത സഹോദരനും(കാരണവര്‍ സ്ഥാനം)കയറി കൂടുന്ന വ്യക്തിക്കു പ്രത്യേക അധികാരമൊന്നും ഇല്ലെങ്കിലും അദ്ദേഹം എന്നും ആ വീട്ടിലെ പുതിയാപ്ളയായിരിക്കും(പുതിയ മാപ്പിള), കല്യാണം കഴിഞ്ഞ്‌ നാല്‍പത്‌ ദിവസം പുതിയാപ്ളയെ തീറ്റിക്കുന്ന ഒരു ഏര്‍പ്പാടുണ്ട്‌, ഒത്തിരി മധുര പലഹരങ്ങളും(മണ്ട,മുട്ടസുര്‍ക്ക,മുട്ടമാല,കിടുത,ചിരട്ടിമാല,വാഴക്ക അട(ഉന്നപ്പം) അല്ലാഹു അഹലം,ബിസ്ക്കറ്റ്‌ അപ്പം,കോഴിയട,അങ്ങനെ നീളുന്ന ഒത്തിരി പലഹാരങ്ങള്‍) ഇറച്ചിയും പത്തിരിയും( അരി മവുകൊണ്ട്‌ വളരെ നേര്‍മയോടെ പരത്തി ഉണ്ടാക്കുന്ന ഈ പത്തിരി ഒരു കടലാസ്സിനേക്കാള്‍ നേരിയതായിരിക്കും)മെല്ലാം, ഏറെ രസകരം പൊന്നാനിയില്‍ നിന്നു നൂറ്റുയംബതു കിലോമീറ്റര്‍ ദൂരെയുള്ള കണ്ണൂരും ഇതേ സംസ്ക്കാരവും പലഹാരങ്ങളും ഉണ്ടു എന്നാണു, പുതിയാപ്ളയെ തീറ്റിച്ച്‌ കടംവന്ന് ദരിദ്രരായവരും ഉണ്ടന്ന് ഞാന്‍ കേട്ടിട്ടുണ്ട്‌,. തൊണ്ണൂറുവയസ്സായി മരിചാലും ഇവര്‍ക്ക്‌ അദ്ദേഹം പുതിയാപ്ള തന്നെ, ഈ സംസ്കരത്തിനു ഒത്തിരി മാറ്റങ്ങള്‍ ഇന്നു വന്നിരിക്കുന്നു, ഗല്‍ഫിണ്റ്റെ സ്വാധീനവും അണുകുടുംബ വ്യവസ്ഥിതിയും അതിനു കാരണം, വീട്ടില്‍ കൂടല്‍ എന്ന സംസ്ക്കാരത്തിനു അഭിമാനത്തിനു ഒരല്‍പ്പം കോട്ടം തട്ടുന്നു എന്ന സത്യം അംഗീകരിക്കുന്നതോടൊപ്പം സ്ത്രീ സ്വന്തം വീട്ടില്‍ സംരക്ഷിക്കപെടുന്നു എന്ന സത്യത്തെ അംഗീകരിക്കാതിരിക്കാന്‍ സാദ്ധ്യമല്ല.

ഇന്നു മുതലാളി തൊഴിലാളി എന്ന വര്‍ഗ്ഗ വ്യത്യാസം കാണാനും കഴിയില്ല, പണ്ട്‌ ജോലി ചെയ്തിരിന്നവരുടെ മക്കളുടെ കടയില്‍ അന്നത്തെ മുതലാളിയുടെ മക്കള്‍ ജോലി ചെയ്യുന്നു എന്നത്‌ തികച്ചും അഭിമാനര്‍ഹമായ കാര്യമാണു കാരണം അന്നു മുതലാളി കുടുംബത്തില്‍ ജനിച്ചു എന്ന കാരണത്താല്‍. പട്ടിണികിടന്നാലും ജോലി ചെയ്യാന്‍ മടിയാണു, ഇതൊരു പൊന്നാനിയുടെ മാത്രം കാര്യമല്ല.

തൊട്ടടുത്ത പ്രദേശമാണു അഴിക്കല്‍,അഴിക്കല്‍ മുതല്‍ പുതുപൊന്നാനി വരെ ... നാഷണല്‍ ഹൈവേക്ക്‌ പടിഞ്ഞാറു ഭാഗം അഞ്ച്‌ കിലോമീറ്ററോളം നീണ്ട്‌ കിടക്കുന്ന കടല്‍ പ്രദേശം,(അഴിക്കല്‍,മീന്തെരുവ്‌,മരക്കടവ്‌,മുക്കാടി,തെക്കേകടവു( ടി.ബി.ആശുപത്രിക്ക്‌ പിന്നാംബുറം) എം.ഇ. എസ്‌, കോളേജ്‌ പിന്നാംബുറം, ചുവന്ന റോഡ്‌, പുതുപൊന്നാനി ഭാഗങ്ങള്‍ ഓരോ പ്രദേശവും വളരെ വ്യത്യസ്ഥ സ്വഭാവം,സംസ്ക്കാരം,ഭാഷാ ശൈലി എന്നിവ പിന്തുടരുന്നവരാണു,കടലിനെ ആശ്രയിച്ച്‌ ജീവിക്കുന്നവരാണു ഈ ഭാഗങ്ങളില്‍ അധികവും

അഴിക്കല്‍... ഭാരതപ്പുഴ കടലില്‍ ചേരുന്നയിടത്തോട്‌ തൊട്ടുരുമ്മികിടക്കുന്ന പ്രദേശമായത്‌ കൊണ്ട്‌ അഴിക്കല്‍ എന്നറിയപ്പെടുന്നു, ഇവിടത്തെ ജനത ബോട്ടുകളില്‍ മത്സ്യബന്ധനത്തിനു പോകുന്നവരാണു, അര്‍ദ്ധരാത്രി കടലില്‍ പോയാല്‍ സൂര്യാസ്തമനത്തിനു മുന്‍പേ അവര്‍ തിരിച്ചെത്തുന്നു, വളരെ ദുഷ്‌ ക്കരമായ ഒരു ജോലിയാണിത്‌, ഒത്തിരി സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്നവരാണു ഇവടത്തുക്കാര്‍, പലര്‍ക്കും ഇവരെ ഭയമാണു അതിനു കാരണം പെട്ടന്ന് പ്രതികരിക്കുന്ന സ്വഭാവവും, അതുപോലെ അവരുടെ ജോലിയും അവരുടെ സ്വഭാവത്തെ നിയന്ത്രിക്കുന്നുണ്ട്‌,.വിദ്യാഭ്യാസപരമായി വളരെ മുന്നോട്ട്‌ നീങ്ങുന്ന ഒരു പ്രദേശം കൂടിയാണിത്‌ പ്രഗല്‍പമതികളായ ഒത്തിരി പേരെ ഈ പ്രദേശത്ത്‌ നിന്നു പൊന്നാനിക്ക്‌ സംഭാവന നല്‍കിയിട്ടുണ്ട്‌, ബഹു:സ: ഇ.കെ.ഇംബ്ബിച്ചിബാവ ഈ പ്രദേശത്തിണ്റ്റെ സ്വത്താണു..അദ്ദേഹത്തിണ്റ്റെ സഹോദരന്‍ സ: ഇ.കെ. അബുബക്കര്‍ രാഷ്ട്രീയക്കാരനേക്കാള്‍ ഉപരി ഇദ്ദേഹം നല്ലൊരു ഗസ്സല്‍ ഗായകനും കൂടിയാണു, ഇവരുടെ ഭാഷാ ശൈലി വല്ലാത്ത ഉഗ്ര പൌരുഷം ഉള്‍കൊള്ളുന്നതാണു, എങ്കിലും വളരെ നിഷ്കളങ്ക മനോഭാവം വെച്ചു പുലര്‍ത്തുന്നവര്‍കൂടിയാണു ആദ്യകാലങ്ങളില്‍ (കുറച്ചിപ്പോഴുമുണ്ട്‌)ബേപ്പൂറ്‍ കഴിഞ്ഞാല്‍ പ്രധാന ഉരു നിര്‍മ്മണ കേന്ദ്രം കൂടിയാണിവിടം.. അന്നത്തെ കാലത്ത്‌ ഇവരുടെ പ്രധാന തൊഴില്‍ ഇതായിരിന്നു.

അഴിക്കലിനു തൊട്ടടുത്ത്‌ കിടക്കുന്ന പ്രദേശമാണ് മീന്‍ തെരുവ് , ഇവിടത്തുക്കാര്‍ മത്സ്യബന്ധനവുമായി നേരിട്ട്‌ ബന്ധമില്ലെങ്കിലും പരോക്ഷമായി ഈ മേഖലയുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു, മത്സ്യം ഉണക്കി കയറ്റി അയക്കുന്ന ജോലിയാണു ഇവിടത്തുക്കാര്‍ക്ക്‌, ഇവര്‍ പൊന്നാനി ടൌണുമായി ബന്ധപ്പെട്ട്‌ കിടക്കുന്നവരാണു, ഇവരുടെ ഭാഷാ ശൈലി അഴിക്കലില്‍ നിന്നു തികച്ചും വ്യത്യസ്തം തന്നെ,ഗല്‍ഫിണ്റ്റെ സ്വാധീനം ഈ പ്രദേശത്തേയും മാറ്റി മറിച്ച്‌ കൊണ്ടിരിക്കുന്നു .

ഇതിനു തൊട്ടടുത്ത പ്രദേശമാണു മരക്കടവ്‌ ... ഈ സ്ഥലനാമത്തിനു പിന്നില്‍ ഒരു കഥയുണ്ട്‌.. വലിയ ജുമ്മ-അത്ത്‌ പള്ളിനിര്‍മ്മാണാവശ്യത്തിനു ആരോ കൊടുത്തമരം ഇവിടെ അടിഞ്ഞു .. അങ്ങനെയാണത്രെ മരക്കടവ്‌ എന്ന നാമം ഉണ്ടായത്‌..... ഇവിടത്തുക്കാരും മത്സ്യബന്ധനവുമായി കഴിഞ്ഞു കൂടുന്നവരാണു എന്നാല്‍ പരമ്പരാഗത മത്സ്യതൊഴിലാളികളാണിവര്‍ വലിയ വഞ്ചികളിലും, ചെറു വഞ്ചികളിലും പോയി ഇവര്‍ മത്സ്യബന്ധനം നടത്തുന്നു, മത്സ്യം കയറ്റി അയകുന്ന കച്ചവടക്കാരും ഈ പ്രദേശത്ത്‌ ഒത്തിരി പേരുണ്ട്‌, പഴയപോലെ മത്സ്യബന്ധനതിനേക്കാള്‍ കൂടുതല്‍ പേര്‍ ഗള്‍ഫ്‌ മേഘലയിലേക്ക്‌ പോകുന്നു.... ഇവരുടെ സംസാര ശൈലിയും മറ്റു പ്രദേശങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണു , ഇവരും വിദ്യാഭ്യാസപരമായി ഇന്ന് ഏറെ മുന്നോട്ട്‌ പോയിക്കൊണ്ടിരിക്കുന്നു. വളരെ നല്ല സ്വഭാവത്തിനു ഉടമകളാണിവരും, നീട്ടിയും കുറിക്കിയുമുള്ള ഇവരുടെ സംസാരരീതി മൃദുലത നിറഞ്ഞതാണു .

ഇതിനു തൊട്ടടുത്ത പ്രദേശമാണു മുക്കാടി ( മുക്കുവന്‍ അങ്ങാടി ലോപിച്ചാണു മുക്കാടിയായതു)മരക്കടവുമായി വലരെയധികം ബന്ധപെട്ട്‌ കിടക്കുന്ന പ്രദേശം ഇവിടത്തുക്കാരും പരംബരാഗത മത്സ്യതൊഴിലാളികളാണു. തൊട്ടടുത്ത പ്രദേശമാണു തെക്കേകടവു(ടി.ബി.ആശുപത്രിക്ക്‌ പിന്നിലെ സ്ഥലം) ഇതും പുതുപൊന്നാനി വരെ നീണ്ട്‌ കിടക്കുന്ന ഒട്ടുമിക്ക പ്രദേശങ്ങളും മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വളരെ രസകരമെന്തന്നാല്‍ .. തികച്ചും വ്യത്യസ്ഥമായ സംസാരശൈലികളാണു എല്ലാ പ്രദേശത്തുക്കാരും .

ഈ പ്രദേശത്തിനു നടുവില്‍ അതായത്‌ പൊന്നാനി എം.ഇ.എസ്‌.കോളേജിനു ഒരല്‍പം തെക്ക്‌ ഭാഗത്തായി കടലിനോട്‌ ചേര്‍ന്ന് ഒരു ചെറിയ കോളനിയുണ്ട്‌. നായാടി കോളനി, ഹിന്ദുമതവിഭാഗത്തിലെ വളരെ താഴ്ന്നവിഭഗത്തില്‍ പെട്ടവരാണു ഈ പാവങ്ങള്‍ , ഉറി ഉണ്ടാക്കി വിറ്റ്‌ ഉപജീവനം നടത്തിയിരുന്നവര്‍ ഇന്ന് ഒത്തിരി പേര്‍ ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്നു. മുസ്ളിം ഭൂരിപക്ഷ മേഘലയില്‍ ജീവിക്കുന്ന ഇവര്‍ക്ക്‌ സംരക്ഷണയും തുണയും ഇവരുടെ അയല്‍ വാസികളായ മുസ്ളിം സഹോദരങ്ങള്‍ തന്നെ.

പുതുപൊന്നാനി.... പുറത്തുള്ളവര്‍ക്കു പൊന്നാനിയില്‍ നിന്നു അകന്നൊരു സ്ഥലമായാണു ഈ സ്ഥലം അറിയുന്നതു, എന്നാല്‍ ആ ധാരണ മാറ്റുക പൊന്നാനിയിലെ ചില വാര്‍ഡുകള്‍ മാത്രമാണു പുതുപൊന്നാനി, ആയിരത്തി തൊള്ളായിരത്തി എന്‍പതിനു ശേഷമാണു ഈ സ്ഥലം അറിയപ്പെട്ട്‌ തുദങ്ങിയതു അതിനു കാരണം ഒരു അജ്ഞാത ജഡത്തിണ്റ്റെ ബീവിവല്‍ക്കരണം, ഇന്നാ സ്ഥലം ആ കാരണം കൊണ്ട്‌ വികസിച്ചുവെങ്കിലും അതിണ്റ്റെ പിന്നാമ്പുറ കഥകള്‍ പറയാതിരിക്കാന്‍ വയ്യ, പുതുപൊന്നാനി ഒരു മുനമ്പാണു അവിടെയാണു ഈ ജഡം വന്നടിഞ്ഞത്‌ പോലീസുകാര്‍ പലതവണ അതെടുക്കാന്‍ വന്നെങ്കിലും അഴിമുഖമായതിനാലും,വേലിയേറ്റ വേലിയിറക്കമായതിനാലും ജഡം കരക്കടിയുംകയും അകലുകയും ചെയ്തു.. വീണ്ടും കരക്കടിഞ്ഞപ്പോള്‍ പോലീസിനെ അറീയിച്ചിട്ടും വരാത്തതിനാല്‍ നാട്ടുക്കാരില്‍ ചിലര്‍ ആ ജഡം അവിടെതന്നെ കുഴിച്ചിട്ടു .. ആളുകള്‍ ഇല്ലാത്ത സമയത്ത്‌ ചില വിക്രിതികുട്ടികള്‍ ജഡകുഴിച്ചിട്ടയിടത്ത്‌ ഒരു മണല്‍ കൂന ഉണ്ടാക്കി .. ഇതിനെ ചിലര്‍ സ്വയം ജാറം പൊന്തിയെന്നു പറഞ്ഞുണ്ടാക്കി മാത്രമല്ല ചില കപട വിശ്വാസികള്‍ സ്വപനം കണ്ടുവെന്നു പ്രചരിപ്പിച്ചു.... ഈ ജഡം ബീവി ഫാതിമത്തു സുഹറയുടേതാണു എന്നല്ലാം... ഈ കിംവതന്തി പൊന്നാനിയേക്കാള്‍ വേഗം പടര്‍ന്നതു കേരളത്തിണ്റ്റെ തെക്കേ അറ്റത്താണു . അന്നും ഇന്നും തൊണ്ണൂറു ശതമാനവും പൊന്നാനിക്കാരും ഇതു വിശ്വസിക്കുന്നില്ല .. ഇപ്പോഴും അവിടം സന്ദര്‍ശ്ശിക്കുന്നത്‌ പൊന്നാനിക്ക്‌ വെളിയില്‍ ഉള്ളവരാണു.

നാഷണല്‍ ഹൈവേ പതിനേഴിനു കിഴക്കു പുതുപൊന്നാനി മുതല്‍ പൊന്നാനി ടൌണ്‍ വരെ അഞ്ച്‌ കിലോമീറ്റര്‍ നീണ്ട്‌ കിടക്കുന്ന പ്രദേശത്ത്‌ ... പുതുപൊന്നനി,പോലിസ്‌ സ്റ്റേഷനു മുന്‍ വശം, എം.ഇ.എസ്‌ കോളേജിനു മുന്‍ വശം .. എം.ഐ.ഹൈസ്കൂള്‍ പരിസരം .. തെക്കേപ്പുറം.. പുത്തങ്കുളം മൈതാനം, ജെ.എം റോഡ്‌ പൊന്നാനി ടൌണ്‍...,പുതുപൊന്നാനി മുതല്‍ എം.ഇ.എസ്‌ കോളേജിണ്റ്റെ മുന്‍ വശം വരെ വ്യത്യസ്ഥത പുലര്‍ന്നു ജന വിഭാഗമാണു... ഇവിടെങ്ങളില്‍ കുറച്ചധികം പേര്‍ ഹിന്ദു സമുദായത്തില്‍ പെട്ടവരും ജീവിക്കുന്നു വളരെ സൌഹാര്‍ദ്ധപരമായാണു ഇവിടെ രണ്ട്‌ മത വിഭാഗങ്ങളും ജീവിക്കുന്നതുഎം.ഐ.എച്ച്‌.എസ്‌ മുതല്‍ ടൌണ്‍ വരെ ഒരേ സംസ്ക്കാരം പുലര്‍ത്തുന്നവരാണു എങ്കിലും ടൌണില്‍ നിന്ന് ഒരല്‍പ്പം വ്യത്യസ്ഥതയുണ്ട്‌ സംസ്ക്കാരത്തില്‍... ഈ വിഭാഗങ്ങളുടെ ഭാഷാ ശൈലിയില്‍ ഒത്തിരി സാമ്യത പുലര്‍ത്തുന്നു.. വിദ്യാഭ്യാസപരമായി വളരെ മുന്‍പ്‌ തന്നെ മുന്നിട്ട്‌ നില്‍ക്കുന്ന പ്രദേശം.

ഞാന്‍ മുന്‍പ്‌ എഴുതിയത്‌ കനോലി കനാലിനു പടിഞ്ഞാറുവശത്തുള്ള പൊന്നാനിയെകുറിച്ചാണു ..പടിഞ്ഞാറു പൊന്നാനിയുടെ ഹൃദയമാണെങ്കില്‍ കിഴക്ക്‌ പൊന്നാനിയുടെ തലചോറാണു.... അങ്ങാടിപാലത്തിണ്റ്റെ കിഴക്ക്‌ പൊളി ... പൊന്നാനി അങ്ങാടിയെന്ന് അറിയപ്പെടുന്നു.. പഴയകാല വ്യാപാര കേന്ദ്രമാണുവിടം.... പ്രധാനമായും കൊപ്ര കച്ചവടം..... പ്രതാപത്തിണ്റ്റെ ഒരു കാലമുണ്ടായിരിന്നു പണ്ട്‌ ഈ അങ്ങാടിക്ക്‌ ...ദാരിദ്രം തലയിലും, വികസനം സ്വപനങ്ങളിലും കൊണ്ടുനടന്നിരുന്ന കാലം... പെട്രോള്‍ വഹനത്തിണ്റ്റെ ദൌര്‍ലഭ്യം ജനങ്ങള്‍ പ്രധാനമായും ആശ്രയിച്ചിരുന്നതു കാളവണ്ടിയും (ഇന്നും പൈതൃകത്തിണ്റ്റെ പ്രതീകങ്ങളായി റോഡിലൂടെ കര..പരാ ശബ്ധമുണ്ടാക്കി ... ഒപ്പം ഗതാഗത തടസ്സമുണ്ടാക്കി പൊന്നാനി തെരുവുകളില്‍ കാണാം) വളരെ ദൂരെനിന്നു(ചാവക്കാട്‌,തിരൂറ്‍ വിദൂരങ്ങളില്‍ നിന്നാല്ലാം) പൊന്നാനിയിലേക്ക്‌ സാധനങ്ങള്‍ (കൊപ്ര,വാഴകുലകള്‍,കിഴങ്ങ്‌(പൂള)മറ്റും) കൊണ്ടുവന്നിരുന്നത്‌ കനോലി കനാല്‍ വഴിയും ഭാരത പുഴവഴിയും ആയിരിന്നു...പൊന്നാനിക്കാരുടെ അന്നത്തെ പ്രധാന ഭക്ഷണം കിഴങ്ങായിരിന്നു .... എന്നും പുലര്‍ച്ചേെ നാലുമണിക്കു കിഴക്ക്‌ നിന്നു പൂള അങ്ങാടിപാലത്തിണ്റ്റെ കിഴകേ പൊളി വടക്ക്‌ ഭാഗത്തുള്ള കടവില്‍ എത്തിച്ചേരും.. പുരവഞ്ചികള്‍ (കെട്ടുവള്ളങ്ങള്‍) പടിഞ്ഞാറെപൊളിയില്‍ വടക്ക്‌ ഭാഗത്തും.... ചാവക്കാട്‌ നിന്നു വന്ന സധനങ്ങള്‍ ഇറക്കാനും കയറ്റാനും പടിഞ്ഞാറെ പൊളിയിലെ തെക്ക്‌ ഭാഗത്തും... ഉള്ള കടവുകളില്‍ ബഹളമയമാണു ഉച്ചക്ക്‌ പന്ത്രണ്ട്‌ മണി വരെ ....... അന്നത്തെ പ്രധാന കിഴങ്ങ്‌ പാണ്ടികശാല .. അബ്ദുല്‍ ഖദറാജിയുടേത്‌..ഓശാന്‍ മൂസക്കായുടേത്‌.. മറ്റു ചിലത്‌ കൂടി ഉണ്ടായിരിന്നു അതി പുലര്‍ച്ചെ തന്നെ പൊന്നാനി അങ്ങാടി ഉണരും.... വഞ്ചിയില്‍ നിന്നു സാധനങ്ങളും കിഴങ്ങുമെല്ലാം പാണ്ടികശാലകളില്‍ തലചുമടായി ഇറക്കി വെക്കും ( എണ്റ്റെ വന്ദ്യ പിതാവ്‌ ഖാദറാജിയുടെ പാണ്ടികശാലയിലെ മൂപ്പനായിരിന്നു) കുന്നോളം കൂട്ടിയിട്ടിരിക്കുന്ന പൂള (കിഴങ്ങ്‌) ചില്ലറ വില്‍പനക്കാര്‍ക്ക്‌ കൊടുക്കുന്നു... അതു തലചുമടായും ,, കാളവണ്ടിയിലും .. കൈവണ്ടിയുലുമായി പന്ത്രണ്ട്മണിയോടെ അങ്ങാടിയുടെ ബഹളമയം ഇല്ലാതാവുന്നു ... കൊപ്ര കൊണ്ടുവരുന്ന വഞ്ചികളിലും . വണ്ടികളിലും ...കൊപ്ര വിറ്റ പണത്തിനു സാധനങ്ങള്‍ വാങ്ങി അങ്ങാടിക്‌ ഉണര്‍വേകുന്നു ...

പൊന്നാനിയുടെ വ്യാപാരകേന്ദ്രത്തിനു ഉണര്‍വേകിയിരുന്ന ഒരു വിഭാഗമാണു ഗുജറാത്തില്‍ നിന്നു വന്ന ശേട്ടുമാര്‍ ..ഒരുകാലത്ത്‌ പൊന്നാനി തുറമുഖം കടന്നു പാതാറയില്‍ തമ്പുറപ്പിക്കുന്ന കപ്പലുകളില്‍ ഗുജറാത്തില്‍ നിന്നുള്ള ഉപ്പും മറ്റു സാധനങ്ങളും പകരം ആ കപ്പലുകളില്‍ കൊപ്രയും വെളിച്ചെണ്ണയും,കയറും ,കയര്‍ ഉല്‍പന്നങ്ങളും കയറ്റി അയക്കപ്പെട്ടിരിന്നു (ഇന്ന് മത്സ്യബന്ധനത്തിനു പോകുന്ന ഫിഷിംഗ്‌ ബോട്ടുകള്‍ക്ക്‌ പോലും പാതാറയില്‍ എത്താനാവുന്നില്ല)പൊന്നാനിയുടെ മറ്റൊരു ഉല്‍പന്നമാണു കയര്‍ .. ഈ അടുത്ത കാലം വരെ കയര്‍ ഉല്‍പന്നങ്ങള്‍ കയറ്റി അയക്കപ്പെട്ടിരിന്നു .. ഇന്നത്‌ നാമമാത്രമായി തീര്‍ന്നിരിക്കുന്നു ഇതല്ലാം എണ്റ്റെ പൊന്നാനിയുടെ പ്രതാപത്തിണ്റ്റെ സുന്ദരമുഖങ്ങളായിരിന്നു .അങ്ങാടി പാലത്തില്‍ നിന്നു കനോലി കനാലിണ്റ്റെ കിഴക്ക്‌ പാതയോരത്ത്‌ കൂടെ തെക്കോട്ട്‌ സഞ്ചരിച്ചാല്‍ .... മുള പണ്ടികശാലകളും( പണ്ട്‌ ഭാരത പുഴയിലൂടെ...കനോലി കനാല്‍ വഴിയായിരിന്നു..മുളകളും കവുങ്ങുകളൂം ചങ്ങാടമായി പാണ്ടികശാലകളില്‍ എത്തിച്ചിരുന്നതു ... നിള വരണ്ടു.. കനാലില്‍ ചകിരിമില്ലുകളില്‍ നിന്നു തള്ളിയ ചകിരിചോറുകള്‍ അടിഞ്ഞ്‌ ഗതാഗതയോഗ്യമല്ലാതായി ഇന്നു ലോറികള്‍ വഴിയാണു മുളകളും കവുങ്ങും വരുന്നത്‌)ഓല വിലപന കേന്ദ്രങ്ങളും കാണാം.. തൃക്കാവും..പള്ളപ്രവും കടന്ന് കടവനാട്‌ അവസാനിക്കുംബോഴേക്കും ആറുപാലങ്ങള്‍ കാണാം .. വഴിയോരങ്ങളില്‍ ഒത്തിരി പൂട്ടിയത്തും പ്രവര്‍ത്തിക്കുന്നതുമായ ചകിരി മില്ലുകള്‍ കാണാം .. കടവനാട്ടു നിന്നു കൊല്ലണ്റ്റെ പടിയിലൂടെ ഉറൂബ്‌ നഗര്‍ വഴി.. തൃക്കാവ്‌ അമ്പലത്തിനു മുന്‍ വശം വഴി ചന്തപ്പടിയില്‍ എത്തി പടിഞ്ഞാറോട്ട്‌.. തൃക്കാവിണ്റ്റെ വടക്ക്‌ ഭാഗത്ത്‌ കൂടെപുത്തന്‍ പീടികയും,ചാണയും കടന്ന്‌ നമ്മള്‍ വീണ്ടും പൊന്നാനി അങ്ങാടിയില്‍ തന്നെ എത്തുന്നു..

പൊന്നാനി അങ്ങാടിയിലെ ജനങ്ങള്‍(നാഷണല്‍ ഹൈവേയുടെ തെക്കും വടക്കും അങ്ങാടിക്ക്‌ പുറകിലായി ജീവിക്കുന്ന പാവം മനുഷ്യര്‍) ... അവര്‍ അങ്ങാടിയിലെ തൊഴില്‍ ആശ്രയിച്ച്‌ ജീവിക്കുന്നവരാണു. ഇവിടെ ഹിന്ദു വിഭാഗങ്ങളും മുസ്ളിംങ്ങളും തോളോട്‌ തോളുരുമ്മി ഒത്തിരി സ്നേഹത്തോടെ ഒരുമയോടെ ജീവിക്കുന്നു... പുരുഷന്‍മാര്‍ അങ്ങാടിലെ തൊഴിലിനു പോയാല്‍ സ്ത്രീകള്‍ കയര്‍ പിരിച്ച്‌ കുടുംബനാഥനെ ഒരു കൈ സഹയിക്കുന്നു (കയര്‍ വ്യവസായം നാശത്തിലേക്ക്‌ നയിക്കപ്പെട്ടതോടെ ഈയൊരു കൈ സഹയമാണു ഇല്ലാതായത്‌ പുരുഷനു ഭാരം കൂടി കൂടെ പ്രശ്നങ്ങളും).

നമ്മുക്ക്‌ ഭാരത പുഴയുടെ തീരത്തിലൂടെ ഒന്നു സഞ്ചരിച്ചാലൊ.. കനോലി കനാലിണ്റ്റെ അവസാനം ഭാരതപുഴയില്‍ അവസാിനുക്കുന്നയിടം(ചിത്രത്തില്‍ കാണാം, ഈ ചിത്രം എടുത്തത്‌ അങ്ങാടി പാലത്തില്‍ നിന്നാണു)പണ്ട്‌ ബ്രിട്ടീഷുക്കാരുടെ കാലത്ത്‌ ബോട്ടൌസായിരിന്നു ഇന്നതു സര്‍ക്കാര്‍ പ്രൊപര്‍ട്ടിയാണു .. അവിടെനിന്നു കുറ്റിക്കാട്‌ വരെ ജനങ്ങള്‍ സഹകരിച്ച്‌ കൂട്ടായ്മയിലൂടെ ഒരു റോഡ്‌ നിര്‍മ്മിച്ചിരിക്കുന്നു... ഈ റോഡിണ്റ്റെ തുടക്കത്തില്‍ നിന്നു വളരെ മനോഹരമായ ദൂരെകാഴ്ചകള്‍ കാണാം കനാലിണ്റ്റെ പടിഞ്ഞാറെ ഭാഗം അവസാനിക്കുന്ന... ഭാരതപുഴയോട്‌ തൊട്ടുരുമ്മി തല ഉയര്‍ത്തി നില്‍ക്കുന്ന പൊന്നാനിയിലെ ഏറ്റവും പഴയ പള്ളി .. തോട്ടുങ്ങല്‍ പള്ളി(പ്രവാചകണ്റ്റെ ജന്‍മദിവസം നല്‍കുന്ന ഭക്ഷണം കനാലും കടന്ന് എല്ലാ വീടുകളിലും എത്തുന്നു അവിടെ ഹിന്ദുവെന്നൊ മുസ്ളിം എന്നൊ വേര്‍ത്തിരിവില്ല വളരെ സ്നേഹാദരവോടെ അതു ഏവരും വാങ്ങി ഭക്ഷിക്കുന്നു)അതിനുമപ്പുറം.. പാതാറയും(പണ്ട്‌ കപ്പലുകള്‍...ഇന്ന് ഫിഷിംഗ്‌ ബോട്ടുകള്‍ അടുപ്പിക്കുന്നു) പിന്നെ നിള അറബിക്കടലില്‍ .. സംഗമിക്കുന്നയിടം ... ദൂരെ..കൂട്ടായി..പുറത്തൂറ്‍...., ഈ പാതയിലൂടെ നടന്നാല്‍ കരാമല്‍ ക്ഷേത്രം ..ഈ ക്ഷേത്രത്തിലെ ഉത്സവം ഏവരും ഒരുമിച്ച്‌ കൊണ്ടാടുന്നു... പിന്നേയും നടന്നാല്‍ ശ്ംശാനം .... പിന്നെ നിളയുടെ മാറിലേക്ക്‌ തൂമ്പ കുത്തിയിറക്കുന്നതും കാണാം.... പുഴയില്‍ മാടത്ത്‌ വിരുന്നിനു വന്ന പക്ഷികൂട്ടങ്ങളേയും കാണാം പല വിദൂര കാഴ്ചകളും കണ്ട്‌ കുറ്റിക്കാട്‌ വരെ പോകാം ...പിന്നെ അങ്ങോട്ടുള്ള പുഴയോരമെല്ലാം .. പലരുടേയും പറമ്പായി തീര്‍ന്നിരിക്കുന്നു.

പൊന്നാനിയിലെ പ്രധാന സ്ഥലങ്ങളും, ആഘോഷങ്ങളുംപൊന്നാനി അങ്ങാടി പാലത്തിണ്റ്റെ പടിഞ്ഞാറും കിഴക്കും ഭാഗത്തെ സ്ഥലങ്ങളേയും ജനങ്ങളേയും സംബന്ധിച്ചാണു ഞാന്‍ മുന്‍പ്‌ എഴുതിയത്‌... ഇനിയല്‍പ്പം പൊന്നാനിയിലെ പ്രധാന സ്ഥലങ്ങളും പ്രത്യേകതകളും.... പൊന്നാനി അങ്ങാടിയില്‍ നിന്നു നേരെ കിഴക്ക്‌ ബിയ്യം വരേയും.... കെ.കെ ജങ്ങ്‌ഷനില്‍ നിന്നു തെക്കോട്ട്‌ കുണ്ടുകടവു പാലം വരേയും. ചമ്രവട്ടം ജങ്ങ്‌ഷനില്‍ നിന്ന് ഈശ്വരമംഗലം വരേയും വ്യാപിച്ച്‌ കിടക്കുന്നതാണു പൊന്നാനി നഗരസഭ.പൊന്നാനി ടൌണില്‍ നിന്നും നാലു കിലോ മീറ്റര്‍ ദൂരെയുള്ള ഇന്ന് വളരെയധികം വികസിച്ചികൊണ്ടിരിക്കുന്ന ഒരു പ്രധാന സ്ഥലമാണു ചമ്രവട്ടം ജങ്ങ്‌ഷന്‍ ..അദ്ധ്യാത്മികത നിറഞ്ഞ പ്രത്യേകതകളല്ല തികച്ചും ഭൌതീകമായ പ്രത്യേകതകള്‍ കൊണ്ടാണു ആ പ്രദേശത്തിണ്റ്റെ വികസനം, ഒരു പുതിയ ഹൈവെ റോഡ്‌ വരുന്നു, ഈ റോഡ്‌ കുറ്റിപ്പുറത്ത്‌ നിന്ന് വളവും തിരിവുമൊന്നുമില്ലാതെ ... പുതുപൊന്നാനി പാലം വരെ ചെന്നെത്തുന്നു.. കോഴിക്കോട്ട്‌ നിന്ന് ഗുരുവായ്യൂരിലേക്ക്‌ ഇപ്പോഴുള്ള പാതയേക്കാള്‍ മുപ്പത്തഞ്ചോളം കിലോമീറ്റര്‍ കുറയുമെത്രെ.... ചമ്രവട്ടം റഗുലേറ്റര്‍ പാലം വന്നാല്‍ പിന്നേയും കുറയും... ഇനി പത്തിരിപത്തഞ്ച്‌ കൊല്ലം കഴിഞ്ഞാല്‍ ഹെലികോപ്ടര്‍ സേവനവും .. ചെറിയ വിമാന സേവനവുമൊക്കെ വന്നാല്‍ ഈ റോഡല്ലാം പിന്നെ എന്തിനുകൊള്ളാം അല്ലെ..ചന്തപ്പടിയിലെ വികസനം വളരെ പതുക്കെയാണു എങ്കിലും വികാസം പ്രാപിച്ച്‌കൊണ്ടിരിക്കുന്നു പൊന്നാനി ടൌണില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരെയാണു ചന്തപ്പടി,

പൊന്നാനിയിലെ പ്രധാന ആരാധനാലനാലയങ്ങളാണു... മുസ്ളിം അരാധനാലയങ്ങളായ.. വലിയ ജുമ-അത്ത്‌ പള്ളി(ഒരറ്റ മരത്താല്‍ (വിശ്വാസം) മൂന്നര നില ഉയരത്തില്‍ അഞ്ഞൂറു വര്‍ഷം മുന്‍പ്‌ ഉണ്ടാക്കിയ രണ്ടായിരത്തോളം പേര്‍ക്ക്‌ ഒരേ സമയം നമസ്ക്കരിക്കാന്‍ സൌകര്യമുള്ള പള്ളി,ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന സൈനുദ്ധീന്‍ മഖ്ദൂം തങ്ങളുടെ ആണ്ട്‌ നേര്‍ച്ച അന്ന ദാനത്തോടെ നടത്തപെടുന്നു ഒത്തിരി വിശ്വാസികള്‍ അവരുടെ സ്വകാര്യമായ മാനസ്സിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവിടെ വരുന്നു ശരിക്കും പറഞ്ഞാല്‍ പൊന്നാനിയുടെ വളര്‍ച്ചയുടെ അടിത്തറയാണീ പള്ളി ഈ പള്ളിക്കകത്തു പഴയ കാലത്തെ ഒരു തൂക്ക്‌ വിളക്കുണ്ട്‌ ഈ വിളക്കിലെ വെളിച്ചെണ്ണ ഒരു വഴിപ്പാടായും ചിലര്‍ വിശ്വസിക്കുന്നു, വൈദ്യുതി ഇല്ലാത്ത കാലത്തു ഉപയോച്ചിരുന്ന വലിയ വിളക്കാണതു. അതിനു പുറമെ അതിമനോഹരമായ ഒത്തിരി അറേബ്യന്‍ മാതൃകയിലുള്ള തൂക്ക്‌ വിളക്കുകളും കാണാം കൊത്തു പണികളും പഴമയുടെ ഒത്തിരി മനോഹാരിതയും ഈ പള്ളിയില്‍ നമുക്ക്‌ ദര്‍ശ്ശിക്കാം അന്നത്തെ കേരളീയ വാസ്തുശില്‍പാ ചാരുതി ഈ പള്ളിയില്‍ നമുക്ക്‌ കാണാം.. (ചിത്രം കാണുക)ഈ പള്ളി മതപഠനത്തിണ്റ്റെ ഒരു പ്രധാന കേന്ദ്രമായിരിന്നു അഞ്ഞൂറോളം വിദ്യാര്‍ത്ഥികളോളമുണ്ടായിരുന്ന ദര്‍സ്സ്‌ ഈ പള്ളിയോടനുബന്ധിച്ചുണ്ടായിരിന്നു ഇന്ന് വെറും നാമ മാത്രമായ വിദ്യാര്‍ത്ഥികള്‍ അതും മറ്റു പ്രദേശത്തുള്ളവര്‍ ഈ പള്ളിക്ക്‌ മൂന്ന് പടിപുരകളൂണ്ട്‌ ഒത്തിരി സ്വാതന്ത്ര സമരങ്ങള്‍ക്ക്‌ ഈ പള്ളി വേദിയായിട്ടുണ്ട്‌ അതുകൊണ്ട്‌ തന്നെ വളരെ ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന ഒരു പള്ളീ കൂടിയാണിതു)ഒത്തിരി മുസ്ളിം ആരാധനാലയമുണ്ടിവിടെ...കേവലം ഒരു കിലോമീറ്റര്‍ വീതിയും അഞ്ച്‌ കിലോമീറ്റര്‍ നീളവുമുള്ള പൊന്നാനിയിലെ കനോലി കനാലിണ്റ്റെ പടിഞ്ഞാറു ഭാഗത്തു മാത്രം ഇപ്പോള്‍ നൂറോളം പള്ളികളുണ്ട്‌.. ഒത്തിരി പള്ളികള്‍ക്ക്‌ അതിനോടനുബന്ധിച്ച്‌ പള്ളിക്കാടുകളുമുണ്ട്‌ അതുകൊണ്ടാണു എഴുത്തുക്കാര്‍..ശവങ്ങള്‍ക്ക്‌ കാവല്‍ നില്‍ക്കുന്ന മീശാന്‍ കല്ലുകളെ പറ്റിയുമെല്ലാം എഴുതിയത്‌ .....

മറ്റൊരു പുണ്യകേന്ദ്രമാണു വലിയ ജാറം ഇവിടേയും ആത്മശാന്തിക്കായ്‌ ജനങ്ങള്‍ വരുന്നു,പൊന്നാനി കോടതിക്കടുത്തുള്ള ചെറിയ ജാറം ഇവിടെ ഒത്തിരി അന്യമതവിഭാഗക്കാരും.മുസ്ളിംങ്ങളും അവരുടെ മാനസ്സിക സുഖം തേടി വരുന്നു അതിനു പുറമെ ഡ്രൈവര്‍മാര്‍ അവരുടെ യാത്ര യാതൊരു അല്ലലുമില്ലാതെ ലക്ഷ്യത്തിലെത്താന്‍ ഇവിടെ വാഹനം നിറുത്തി കാണിക്ക ഇടുന്നു(വിശ്വാസങ്ങള്‍ക്ക്‌ ജാതിയും മതവുമൊന്നുമില്ല)....മുസ്ളിം ആരാധനാലയങ്ങളെ പോലെ തന്നെ ഹൈന്ദവ ആരാധനാലയങ്ങളും ഒത്തിരിയുണ്ട്‌ പൊന്നാനിയില്‍,...

തൃക്കാവ്‌ ദുര്‍ഗ്ഗാ ദേവിക്ഷേത്രം(പലദേശത്ത്‌ നിന്നും ഇവിടേക്ക്‌ ഭക്തജനങ്ങള്‍ വരുന്നു നവരാത്രി ഉത്സവം, നാടിണ്റ്റെ തന്നെ ഉത്സവമാണു.. ഒന്‍പത്‌ ദിവസവും വൈകുന്നേരങ്ങളില്‍ വിശ്വാസികളും അല്ലാത്തവരും ഒത്തു കൂടുന്ന പരസ്പരം സ്നേഹം പങ്കിടുന്ന ഒരു ഉത്സവ വേദികൂടിയാണിത്‌, ഈ അമ്പലത്തിണ്റ്റെ അതേ മാതൃകയിലുള്ള കേരളീയ വാസ്തു ശില്‍പ ചാരുതയാണു വലിയ ജുമ-അത്ത്‌ പള്ളിക്കും ഉള്ളത്‌ മറ്റൊരു പ്രത്യേകത ഒരു കിലോമീറ്ററിനുള്ളില്‍ മുഖത്തോട്‌ മുഖം നോക്കി നില്‍ക്കുന്നത്‌ പോലെയാണു വലിയ ജുമ-അത്ത്‌ പള്ളിയും തൃക്കാവു അമ്പലവും സ്ഥിതി ചെയ്യുന്നതു ( മത സൌഹാര്‍ദ്ദ്ത്തിണ്റ്റെ ഒരു ചിഹ്നമായി ഞാനതിനെ കാണുന്നു).

മറ്റൊരു പ്രധാന ക്ഷേത്രമാണു കോട്ടത്തറ കണ്ട്‌കുറുമ്പ്‌ക്കാവ്‌ ഭഗവതിക്ഷേത്രം, വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന പൂരം, പത്ത്‌ ദിവസത്തെ കൂത്തും,എല്ലാ ദിവസവും വൈകിട്ടുള്ള ചെറുവെടിക്കെട്ടും അവസാന നാളിലെ പൂരവും പൊന്നാനിക്കാരുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണു ( പൊന്നാനി ടൌണിലെ പുതിയ മാപ്പിളമാര്‍ പൂരത്തിണ്റ്റെ മിഠായി ഭാര്യവീട്ടില്‍ കൊണ്ടു പോയിട്ടില്ലെങ്കില്‍ തെറ്റുകവരെ ഉണ്ടായിട്ടുണ്ടത്രെ) ഇതിനര്‍ത്ഥം ഈ ഉത്സവം പൊന്നാനിക്കാരുടെ ഹൃദയവുമായി അഭ്യേദ്ദ്യമായ ബന്ധമുണ്ട്‌... ത്രിശ്ശൂര്‍ പൂരവും ത്രിശ്ശൂക്കാരും തമ്മിലുള്ളപോലെ തന്നെ.... പൂരം കാണാന്‍ വരുന്നവരില്‍ അധികവും മുസ്ളിങ്ങളാണന്നത്‌ ഒരു സത്യമാണു ..പൂരകാഴ്ചവരവും അതില്‍ നൃത്തം ചെയ്യുന്നതും നിയന്ത്രിക്കുന്നതും.. പൂരത്തിനു വേണ്ടി സംഭാവന നല്‍കുന്നവരും ഹൈന്ദവരേക്കാളധികം മറ്റു മതസ്ഥരാണു എന്നത്‌ ഇതൊരു ജനകീയ ഉത്സവമാണു എന്നതിനു തെളിവാണു.

മറ്റു ഒത്തിരി അമ്പലങ്ങളും ചെറു ഉത്സവങ്ങളും പൊന്നാനിക്കാരുടെ ആഘോഷങ്ങളാണു, ചന്തപ്പടികടുത്തുള്ള മാരിയമ്മന്‍ കോവില്‍.. ഇവിടത്തെ കാവടിയാട്ടവും .. കനലാട്ടവും .. വെടി വഴിപ്പാടിലുമെല്ലാം ഞങ്ങള്‍ പൊന്നാനിക്കാര്‍ മൊത്തമായി പങ്ക്‌ കൊള്ളുന്നു, വേട്ടകൊരുമകന്‍ ക്ഷേത്രം കുറ്റിക്കാടു ഭഗവതി ക്ഷേത്രം ശിവ ക്ഷേത്രങ്ങള്‍ തുടങ്ങിയ എല്ലാ ഉത്സവ പറമ്പുകളിലും ഞങ്ങള്‍ പൊന്നാനിക്കാര്‍ ഒത്തൊരുമ്മിക്കുന്നു

ക്രിസ്തീയ വിശ്വാസികള്‍ കുറവാണെങ്കിലും ക്രിസ്ത്യാനികളും ഞങ്ങളുടെകൂടെ സ്നേഹം പങ്ക്‌വെച്ച്‌ സൌഹാര്‍ദ്ദത്തിനു പകിട്ടേകുന്നു... ഇവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലധികവും മറ്റു മതസ്ഥരാണു വിദ്യ അഭ്യസിക്കുന്നതു സ്തുതിര്‍ഹമായ ഇവരുടെ സേവനം ഏവര്‍ക്കും മാതൃകയാകേണ്ടതാണു.. രണ്ട്‌ വിഭാഗക്കാര്‍ക്കും ഒരോ പള്ളികളുണ്ടെങ്കിലും കത്തോലിക്കരുടെ പള്ളി പെരുന്നാള്‍ വലിയ ആഘോഷമല്ലെങ്കിലും വളരെ നന്നായി സൌഹാര്‍ദ്ദത്തോടെ ഏവരും പങ്കെടുക്കുന്നു.

പൊന്നാനിയിലെ മുസ്ളിം വിഭാഗത്തിലെ പ്രധാന ആഘോഷം ചെറിയ പെരുന്നാളാണു ഒരു മാസം മുഴുവന്‍ വ്രതനിഷ്ട പാലിച്ച്‌ അവര്‍ സ്നേഹ സൌഹാര്‍ദ്ദ്ത്തോടെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു.. പെരുന്നാരാവ്‌ അതൊരു വലിയ ഉത്സവം പോലെ തന്നെയാണു പൊന്നാനി ടൌണില്‍ ഒരു സൈക്കിളിനുപോലും സഞ്ചരിക്കാന്‍ കഴിയാത്തത്ര തിരക്കായിരിക്കും അവിടെ ഉറക്കമില്ലാത്ത ഒരു രാത്രി.. ആഘോഷങ്ങളുടെ രാത്രി .. ഈെയൊരു രാത്രിക്ക്‌ വേണ്ടി ഗള്‍ഫില്‍നിന്നുപോലും വരുന്നവരാണു പൊന്നാനിക്കാരായ മുസ്ളിങ്ങള്‍, തമിഴ്‌ നാട്ടില്‍ നിന്നുവരുന്ന വഴിവാണിഭക്കാര്‍ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെ വഴിയോരങ്ങള്‍ കൈയടക്കിയിരിക്കും തലമുറകളായി കച്ചവടം ചെയ്ത്‌വരുന്ന തമിഴ്‌നാട്ടുക്കാരെ പോലും ഈ കൂട്ടത്തില്‍ കാണാം പാവപെട്ടവരുടെ പ്രധാന ആശ്രയമാണു ഈ വഴിവാണിഭക്കാര്‍ ഇതേ പോലുള്ള മറ്റൊരു ആഘോഷമാണു വലിയ പെരുന്നാളും (ബലി പെരുന്നാള്‍).

പൊന്നാനിക്കരുടെ മറ്റൊരു ഒത്ത്‌ കൂടലാണു കുറ്റിക്കാട്‌ വാണിഭം ഇതൊരു കാര്‍ഷികാഘോഷമാണു ചേമ്പും പുതകിഴങ്ങും നെല്ലിക്കയും കരിമ്പും ഇഞ്ചിയും പച്ചമഞ്ഞളും കൂര്‍ക്കയും കാവത്തും എല ചെടിയും വാഴകന്നും പൂചെടികളും കത്തിയും വാളും മടവാളും തൂമ്പയും കൊട്ടയും കൊട്ടകൈലും ചെറുമുറങ്ങളും ചട്ടിയും പാത്രങ്ങളും എന്നു വേണ്ട എല്ലാ വീട്ടുപയോഗ സാധനങ്ങളും .. ചന്തപ്പടി മുതല്‍ എ.വി ഹൈസ്കൂള്‍ വരെ റോഡിണ്റ്റെ ഇരു വശത്തും നിര നിരയായി .... ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ച്‌ വാണിഭം പൊടിപൊടിക്കുന്നു ....

ഞങ്ങള്‍ ഏതൊരു ആഘോഷത്തിലും ഓത്തൊരുമയോടെ...............അസ്സല്‍ പൊന്നാനിക്കാരായ്‌...പൊന്നാനിയും ഓണാഘോഷത്തിനു അതിണ്റ്റെതായ സംഭാവന നല്‍കുന്നു.... ഒരാഴ്ച നീണ്ട്‌ നില്‍ക്കുന്ന ഓണം വാരാഘോഷം പൊന്നാനിക്കാരും ആഘോഷിക്കുന്നു .. ഓണാഘോഷത്തിനു പ്രധാന വേദി എ.വി, ഹൈസ്കൂളാണു... പലതരം മത്സരംകൊണ്ട്‌ ഉത്സവഭരിതമാണിവിടം അന്ന് ... ഉറിയടി മത്സരം,തീറ്റ മത്സരം,പൂക്കളമത്സരം,കമ്പവലി മത്സരം.... അങ്ങനെ ഒത്തിരി മത്സരങ്ങള്‍... മുസ്ളിം ചങ്ങാതിമാര്‍ .. ഹിന്ദു ചങ്ങാതിമാരുടെ വീട്ടില്‍ അഥിതിയായ്‌ എത്തുന്നു....... എല്ലാ വര്‍ഷവും ബി,എം.യു.പി.സ്കൂളില്‍ വെച്ച്‌ നടത്തുന്ന ചെറിയൊരു ക്ലബ്ബിണ്റ്റെ ആഘോഷം സ്തുതിര്‍ഹ്യമാണു ..കമ്പ വലിയും ..സുന്ദരിക്കാരു പൊട്ടു തൊടും അങ്ങനെ ചെറിയ പരിപാടികള്‍...... ബ്ബിയ്യം കായലിലെ വള്ളം കളി നാനാ ദേശത്തു നിന്നു അനേകായിരം കാണികള്‍ പങ്കെടുക്കുന്നു.... അങ്ങനെ പൊന്നാനിക്കാര്‍ ഓണവും ഒത്തൊരുമിച്ച്‌ ആഘോഷിക്കുന്നു.

posted by വിചാരം @ 3:35 AM, ,