Site Network: Personal | My Company | Artist projects | Shop

 

പൊന്നാനിയുടെ ഒരു രേഖാചിത്രംഅര്‍ഞ്ചികൊത്തയുടെ വെളിപ്പാട്

പൊന്നാനി വലിയ പള്ളിയ്ക്കടുത്തുള്ള ഒരു ചായകട, പണിയില്ലാത്തവരുടെ ഒരു കേന്ദ്രം കൂടിയായിരുന്നു അത് പ്രധാന ചര്‍ച്ച രാഷ്ട്രീയം തന്നെ ചര്‍ച്ചയ്ക്ക് ചൂടേറുമ്പോള്‍ തന്തയ്ക്ക് വിളിയും തള്ളയ്ക്ക് വിളിയും പിന്നെ മോന്തയ്ക്കടിയും ഇതൊരു പതിവാണ്. പൊന്നാനിയിലെ ജെ.എം. റോഡ് എന്ന ഈ ഏരിയായ്ക്കൊരു പ്രത്യേകതയുണ്ട് കാല്‍ പിരി മുതല്‍ മുഴുവന്‍ പിരിയ്ക്കാര്‍ വരെ സര്‍വ്വസ്വാതന്ത്രത്തോടെ നടയ്ക്കും, അങ്ങനെ നടയ്ക്കുന്നവരില്‍ പ്രമുഖരാണ് നാട്ടുക്കാരായ അര്ഞ്ചികൊത്ത, ഹുസൈന്‍ കുട്ടി, സലിം .. സത്താര്‍ എന്നിവരൊക്കെ പിന്നെ പുറം നാട്ടുക്കാര്‍ വേറെയും അന്യഭാഷക്കാരുമുണ്ട് രാമു, ചോര്‍ ബാബു തുടങ്ങിയ പ്രമുഖര്‍.

അര്ഞ്ചികൊത്തയുടെ വെളിപ്പാട് :
വര്‍ഷങ്ങളോളം വെട്ടിയൊതുക്കാത്ത താടി രോമങ്ങള്‍ ഇടതു കൈകൊണ്ട് തടവി കൊണ്ട് മേലോട്ട് നോക്കി അയാള്‍ പറഞ്ഞു തുടങ്ങി.
കേസുണ്ടായി അല്ലേ ?
തൊട്ടടുത്തിരിന്ന ആള്‍ അതു കേട്ട് ഞെട്ടി, അതിന് തൊട്ടടുത്ത് രാഷ്ട്രീയം പറഞ്ഞിരുന്ന ആള്‍ ഒട്ടും ഞെട്ടിയില്ല മാത്രമല്ല ഇങ്ങനെയൊരു കമന്റും പാസ്സാക്കി .. " ജ്ജ് ണീറ്റ് പോകുന്നുണ്ടവിട്ന്ന് പന്നി കുളിയ്ക്കൂല നനയ്ക്കൂല കഞ്ചാവടിച്ചോരോന്ന് പറയും"
ഞെട്ടിയ ആള്‍ പൊന്നാനി വലിയ പള്ളിയിലെ സൈനുദ്ദീന്‍ മഖ്‌ദൂമിന്റെ ഖബറിടം സന്ദര്‍ശ്ശിയ്ക്കാന്‍ വന്നൊരാളായിരുന്നു , അയാള്‍ അര്‍ഞ്ചികൊത്തയുടെ വാക്കുകള്‍ ശ്രദ്ധിച്ചു..
കേസുണ്ടായി അല്ലേ....
"ഉം"
കുടുംബത്ത് തന്നയാ എതിരാളി അല്ലേ ?
അയാളൊന്നൂടെ ഞെട്ടി .. തുള്ളുന്ന കോമരത്തിന്റെ വായില്‍ നിന്നു വരുന്നത് കാതോര്‍ക്കുന്ന ഭക്തരെ പോലെ അയാള്‍ കാതോര്‍ത്ത് ...
വീണ്ടും അര്‍ജ്ജികൊത്ത മൊഴിഞ്ഞു ... എല്ലാം ശരിയാവും
എന്തോ ഒരാശ്വാസത്താല്‍ തന്റെ മുഖത്തെ ദു:ഖത്തെ മായ്ച്ചു കളഞ്ഞത് പോലെ പെട്ടെന്ന് ഉത്സാഹിയായി അര്ഞ്ചികൊത്തയ്ക്കായി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഇതുകണ്ട നാട്ടുക്കാരനായ ആള്‍ തെല്ലൊരു പരിഹാസത്തോടെ ആ പുറം നാട്ടുക്കാരനോട്..." അല്ല കാക്ക ഇങ്ങക്കെന്താ പ്രാന്താ ഈ പന്നീന്റെ മോനോരോന്ന് കഞ്ചാവ് തലക്ക് കയറി പറഞ്ഞൂന്ന് വിചാരിച്ചിട്ട്, അല്ല ഇങ്ങക്കറിയോ ഇവനാരാണന്ന്, അറിവില്ലെങ്കില്‍ പറഞ്ഞു തരാം ഇവന്റ് പേരാണ് സിദ്ധീഖ് നട്ടുക്കാരിവനൊരു മീനിന്റെ പേരാ വിളിയ്ക്കുന്നത് അര്‍ഞ്ചി കൊത്ത.. ഇവന്‍ പെയിന്റ് പണിക്ക് പോയിരിന്നൊരു നല്ലൊരു ചെറുപ്പക്കാരനായിരിന്നു, കഞ്ചാവടിച്ചടിച്ച് ഇവനിക്ക് പ്രാന്തായി പാവം ഇവന്റെ ബാപ്പ കുഞ്ഞമ്മദ്ക്ക ഇപ്പോളും കാലുമേല്‍ നീരും വെച്ച് അന്തിയോളം പണിയെടുക്കുന്നു. ഇങ്ങളെ പോലുള്ളവരാണിവനെ പോലുള്ളവരെ ബെടക്കാക്ക്‍ണ് .
ഹെയ് അങ്ങനെയൊന്നും പറയല്ലേ .. നല്ല കറാമത്തുള്ള മനുഷ്യനാണ് , അല്ലെങ്കിലെങ്ങനെ എന്റെ വീട്ടില്‍ ഞാനും എന്റെ അനുജനും തമ്മിലുണ്ടായ കൊയപ്പം ഇവരറിയുന്നത് .. എന്നോടാദ്യം ചോദിച്ചത് തന്നെ പോലീസ് കേസായ എന്നല്ലേ .. എന്റെ മമ്പുറത്ത് തങ്ങന്മാര്‍ക്കു പോലുമില്ലാത്ത പോരിസയല്ലെ ഇത്.. പടച്ചോന്റെ അമ്പിയാക്കല്‍ ഇങ്ങനെയൊക്കെയാ വര്യാ .. ഇങ്ങളൊന്തൊക്കെ പറഞ്ഞാലും ഇയ്യാക്ക് പോരിസയുണ്ട് അതെനിക്ക് ബോധ്യായ്ക്ക്ണ് .
തര്‍ക്കിക്കാന്‍ നിന്ന ആളോട് ചായകടയിലെ അബ്ദുക്ക" അല്ല ഇങ്ങക്കെന്തിന്റെ കേടാ അവന് പോരിസയുള്ളത് ഇങ്ങളിതുവരെ അറിഞ്ഞില്ലെ നാട്ടാരനായിട്ടെന്താ കാര്യം, പുറം നാട്ടുക്കാരനറിയാതെ ഇടം കണ്ണുകൊണ്ടൊരു സിഗ്നല്‍ കൊടുത്തു .. സംഗതി മനസ്സിലായ അയാളും പിന്നെ ഒന്നും പറഞ്ഞില്ല.
അര്‍ഞ്ചികൊത്തയുടെ വയറ് നിറയെ പോത്തറച്ചിയും പൊറോട്ടയും കൈ നിറയെ കാശും കൊടുത്തു അടുത്ത വെള്ളിയാഴ്ച്ച രാവിന് കുടുംബ സഹിതം വരാമെന്നേറ്റ് പോയി.
കഞ്ചാവിന്റെ ലഹരിയില്‍ എന്താണ് സംഭവിച്ചതന്നറിയാതെ താടി നീട്ടി തടവി അര്‍ഞ്ചികൊത്ത ആരോടെന്നന്നില്ലാതെ വീണ്ടും മൊഴിഞ്ഞു " അപ്പോ കേസായില്ലേ ... സ്വന്തം കുടുംബത്ത് നിന്ന തന്നെ അല്ലേ.... എല്ലാം ശരിയാവും "
അര്‍ഞ്ചി കൊത്തയുടെ കയ്യില്‍ ചുരുട്ടിയ പണം തഞ്ചത്തില്‍ കൈക്കലാക്കി അബ്ദുക്ക അര്‍ഞ്ചികൊത്തയുടെ പഴയപറ്റില്‍ ചേര്‍ത്തു.
സത്താറും .. സലീം എല്ലാം എങ്ങനെ പ്രാന്തരായി ?

Labels:

posted by വിചാരം @ 5:16 AM, ,