പൊന്നാനിയിലെ കോളനികള്‍- 2
Saturday, August 16, 2008
പാണനാരുടെ കുലമഹിമ
'പുഞ്ചവയല്‍ ചിറയുറക്കണ തോറ്റം പാട്ട്...
നെഞ്ചുരുകി പാടണ മണ്ണിന്റെ മക്കടെ പാട്ട്.'
പൊന്നാനി കാഞ്ഞിരമുക്കിലെ പാണസമുദായ കോളനിയില്‍ പതിഞ്ഞ ശബ്ദത്തില്‍ ഷമേജ് പാടി. ഷമേജ് പഴയ സ്കൂള്‍ സഹപാഠി. ഉച്ച നേരമായിരുന്നു. കോളനിയില്‍ തോറ്റം പാട്ടിന്റെ കഥകളെടുക്കാന്‍ പഴമയറിയാവുന്ന ഒരാളെ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. കലര്‍പ്പു ചേരാത്ത പഴംപാട്ടറിയുന്നവര്‍. ഐതിഹ്യങ്ങളെ വിസ്മൃതിയിലാഴ്ത്താതെ ജീവിക്കുന്നവര്‍. പഴയൊരു മാഗസിനു വേണ്ടിയായിരുന്നു. കോളനിയില്‍ ചെന്നപ്പോള്‍ ഷമേജിനെ കണ്ടു.
കോളനിയിലെ ചരിത്രവും ഐതിഹ്യങ്ങളുമറിയാവുന്നവരെ തേടി നടന്നു. പഴയ തലമുറയെല്ലാം വിസ്മൃതിയിലേക്ക് നീങ്ങിയിരുന്നു. ഒരാളെ കിട്ടാന്‍ പ്രയാസം.
ഒടുവില്‍ മൗനിയായ ഒരു മധ്യവയസ്കനിലെത്തി.
കക്ഷി മഹാമൗനം. മൗനം ഭേദിക്കാനുള്ള മാര്‍ഗവും ഷമേജ് പറഞ്ഞു.
മദ്യസേവ.
സേവയുടെ നേരമാവുന്നതു വരെ കാത്തു നിന്നു. നേരമെത്തിയപ്പോള്‍ കക്ഷി സന്തോഷവാനായി. കഥകളുടെ കെട്ടഴിച്ചു.
പറയി പെറ്റ പന്തിരു കുലത്തിലെ പ്രധാനിയാണു പാണനാര്‍. ബ്രാഹ്മണ യുവതിയാണെന്ന് കരുതി വരരുചി വേളി കഴിച്ച പറയി. പാണനാരുടെ കുലം പാട്ടുകാരുടേതാണ്. കടും തുടി കൊട്ടി വീരഗാഥകള്‍ പാടുന്ന പാണന്‍പാട്ടുകാരുടേത്.
വടക്കന്‍പാട്ടുകളും ചേകവരുടെ കഥകളൂം പാണന്‍ പാടണം. കോവിലകങ്ങളുടെയും വീരന്‍മാരുടെയും കഥകള്‍ പാടാന്‍ പാണന്‍ വേണം. തന്മൂലം ഈ വംശ പരമ്പരയുടെ ഒരു കണ്ണിയെ മേല്‍സമുദായം എപ്പോഴും കൂടെ നിര്‍ത്തി. 'മനക്കുളം പണ്ടാരത്തിങ്കല്‍' എന്ന മനക്കാരാണു പാണ സമുദായത്തെ പൊന്നാനിയില്‍ കുടിയിരുത്തിയത്.
'മഹാവിഷ്ണുവിന്റെ പിന്‍മുറക്കാരാണു പാണന്മാര്‍. പേരെടുത്ത വൈദ്യന്മാരും പാണസമുദായത്തിലുണ്ടായിട്ടുണ്ട്.' അയാള്‍ പറഞ്ഞു. കോവിലകങ്ങളില്‍ ചികിത്സ നടത്തിയിരുന്ന താമി, അറുമുഖന്‍ തുടങ്ങിയ പ്രഗത്ഭ വൈദ്യന്മാര്‍.
പണ്ട് പരമശിവനൊരു മഹാരോഗമുണ്ടായി. രോഗശമനത്തിനു പേരു കേട്ട വൈദ്യരെല്ലാം ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഒടുവില്‍ മഹാവിഷ്ണു തിരുവരങ്കന്‍ എന്ന പേരില്‍ അവതരിച്ചു. ശിവന്റെ മഹാരോഗം തിരുവരങ്കന്‍ ഭേദമാക്കി. തിരുവരങ്കനില്‍ സംപ്രീതനായ ശിവന്‍ തന്റെ കടുന്തുടി തിരുവരങ്കനു സമ്മാനിച്ചു. പിന്നീട് പാണന്മാര്‍ ആ കടുംതുടി കൊട്ടി പാടി.
പാണന്റെ കുട്ടി കരയുന്നതു പോലും തോടി രാഗത്തിലാണെന്ന് പഴമൊഴി.
പാണനു ഒടിവിദ്യയറിയാം. പട്ടിയായും പൂച്ചയായും അവന്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ മാറും. തന്മൂലം മേല്‍സമുദായത്തിനു ഇവരെ തെല്ലു പേടിയുണ്ട്.
'ഞങ്ങളെയും ഞങ്ങളുടെ സ്ത്രീകളെയും ഉപദ്രവിക്കാതിരിക്കാന്‍ ആ പേടി നില നില്ക്കേണ്ടത് ആവശ്യമായിരുന്നു', അയാള്‍ പറഞ്ഞു, 'വേറെയെന്തുണ്ട് പാണന്!'
പാണ സമുദായത്തിനു സ്വന്തമായൊരു കുലദൈവമില്ല. ഏഴു തിരിയിട്ട വിളക്കുമായി എവിടെയും പാണനാര്‍ക്ക് സ്വീകരണം ലഭിച്ചതു കൊണ്ടാവാം ഇവര്‍ക്ക് സ്വന്തമായൊരു ആരാധനാലയത്തിന്റെ ആവശ്യം ഇല്ലാതായത്.
നാടന്‍ ശീലുകള്‍ നിന്ന കോളനിയില്‍ എവിടെയോ സ്റ്റീരിയോ ജാസ് ബീറ്റുകള്‍ കേട്ടു.
തൊട്ടടുത്ത കുടിലിലെ ചാണകം മെഴുകിയ തറയിലിരുന്ന് ഒരു കുട്ടി ശ്രുതിയും താളവുമില്ലാതെ കരഞ്ഞു.
ഓര്‍മ്മയില്‍ നിന്നെടുത്ത് ഞങ്ങളുടെ കഥാകാരന്‍ ഉരുവിട്ടു:
'നാഥാ നാഥാ തുകിലുണരേണം
ആദി നാഥാ തുകിലുണരാ-
സന്ധ്യയാലേ പെട്ടുതാ തുകില്‍
അവരുടെ വാതിലടച്ചു താ-
നാഴികാലേ മുപ്പതുമൊരു
അഞ്ചര നാഴിക ചെല്ലുമ്പോള്‍
കൊട്ടിപ്പാടിയുണര്‍ത്തുവാനോ
ആദി വിഷ്ണു മലയനിതാ...'
Labels: പൊന്നാനി കഥകള്‍
posted by riyaz ahamed @ 9:57 AM,
5 comments,
പൊന്നാനിയിലെ കോളനികള്‍- 1
Wednesday, August 13, 2008
'ശവവും മന്തുകാലും
മാന്തളും ചകിരിയും
ശിവനാമവും ബാങ്ക്‌വിളിയും
പൊന്നാനിയായ്'
-എം ഗോവിന്ദന്‍ (ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം)
പൊന്നാനിയുടെ 'തനിമ' അതിന്റെ പഴമയല്ല. പഴമയും പ്രൌഢിയും ഓര്‍മ്മയിലൊതുങ്ങിയ പൊന്നാനിത്തം അതിന്റെ സമകാലിക അസ്ഥിത്വത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നു. പൊന്നാനിത്തനിമയിലെ വൈവിദ്ധ്യങ്ങള്‍ ഈ നാടിന്റെ ഉള്‍വഴികളിലൂടെ പോയാലേ ദര്‍ശിക്കാനാവൂ. പലതായി പിരിയുന്ന വഴികളൂണ്ടിവിടെ. കൈവഴികളിലൂടെ പുരോഗമിക്കുന്ന സ്രോതസ്സുകള്‍.
ഊഷരവും ഉര്‍വ്വരവുമായ, അറിവിന്റെയും അനുഭവത്തിന്റെയും വഴിത്താരകള്‍. സംസ്ക്രുതിയുടെ, പരിണാമത്തിന്റെ ഇഴുകിച്ചേരലുകള്‍.
പൊന്നാനിയിലെ കോളനികള്‍...
ചൂഷിതരും ചൂഷകരും ഉള്ള, പാരമ്പര്യ വിശ്വാസങ്ങളും നിഷ്ഠകളും ആചാരങ്ങളുമുമുള്ള കുലനീതിയുടെ ലോകം.
പുതിയ കാഴ്ച്ചകളുടെയും വിപണികളുടേയും ലോകത്ത് ഒഴുകിപ്പോവുന്ന സ്വത്വത്തെ നോക്കി നെടുവീര്‍പ്പിടുകയും വറുതിയുടെ കര്‍ക്കിടകങ്ങളെ പങ്കിടുകയും ചെയ്യുന്നവരുടെ അരവയര്‍ നിറയെ കഥകള്‍...
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗോത്ര സംസ്കാരങ്ങളെ നിലനിര്‍ത്തിപോന്നിരുന്ന സംഘബോധവും പാരമ്പര്യ വിശ്വാസങ്ങളും ഉദാത്തവത്കൃതമായ പുത്തന്‍ ലോകവുമായി നേരിടുമ്പോള്‍ സംഭവിക്കാവുന്ന ഗുണപരവും അല്ലാത്തവയുമായ മാറ്റങ്ങള്‍.
ഇത് കഥകളുടെ ലോകമാണ്...
Labels: പൊന്നാനി കഥകള്‍
posted by riyaz ahamed @ 6:56 AM,
6 comments,
സജ്ജാദ് ഹുസൈന്‍ ഒരു കവിയല്ല
Monday, August 04, 2008
സിന്ദഗി കിസീ ക്കാ ഉദാര്‍ ഹൈ
ക്യാ മിലാ വൊ ഉദാര്‍സെ
ന കുച്ച്.
ആസ്മാന്‍ പര്‍ ചിടിയോ ഖില്‍ഖിലാത്തെ ഖുശി മനാത്താ ഹൈ
മുജേ...മുജേ.. വൊ ഖുശി ബി നഹി.
മേം പാഗല്‍ ഹും
ലോഗ് പുകാര്‍ത്താ ഹൈ ... യേ പാഗല്‍
ന കിസീക്കൂ മാലും വഹീ ഹൈ പാഗല്‍.
മേം ബി ഹോജായേഗാ പ്രയാര്‍ കാ ഏക്ക് നിശാന്‍
ജൈസെ ലൈല മജ്നൂം, ഷാജഹാന്‍ മുംതാസ് ഐസേ.
ലേകിന്‍ അബ് നഹി
ജബ് മേരാ ശരീര്‍ ജമീന്‍ കാ നീച്ചേ ഖഫന്‍ ഹോനേക്കെ ബാത്ത് .
സിന്ദഗി കിസീ ക്കാ ഉദാര്‍ ഹൈ
ന മിലാ കുച്ച് വൊ ഉദാര്‍സെ .
ദു:ഖ സാന്ദ്രമായ വരികള്‍ ഈണത്തില്‍ പാടി സജ്ജാദ് നിമിഷങ്ങളെ സ്വര്‍ഗ്ഗീയമാക്കി.
സജ്ജാദ് ഹുസൈന്‍ ഒരു ഹിന്ദുസ്ഥാനി ഗായകനല്ല, ഒരു കവിയുമല്ല ഏവരാലും ഒരു ഭ്രാന്തനായി അറിയപ്പെടുന്നവന്‍
പൊന്നാനി തെരുവില്‍ കുപ്പായമിടാതെ നടന്നു നീങ്ങുന്നവന്‍, പീടിക തിണ്ണയില്‍ പെട്ടികള്‍ തബലയാക്കി കഞ്ചാവിന്റെ മാസ്മരികതയില്‍ പഴയ ഗസല്‍ താളുകള്‍ അയവിറയ്ക്കുന്ന കൂട്ടങ്ങളില്‍ ഈണത്തോടെ അര്‍ത്ഥഭംഗിയോടെ പാട്ടുകള്‍ പാടുന്നവന്‍.
മുജേ ബി ഥാ ഏക്ക് മുംതാസ്
മേം നഹി ബനാ ഉസ്കേലിയേ താജ്‌മഹല്‍
ലേക്കിന്‍ വഹ് ബനാ മേരേലിയെ ഏക് പാഗല്‍ ഘാന
മേം അബി ഏക്ക് പാഗല്‍ ഹും.
പൊന്നാനിക്കാരുടെ ഇടയില്‍ അവരിലൊരാളായിരിന്നു സജ്ജാദ്.
അയല്‍വാസിയെ പ്രണയിച്ച സജ്ജാദ്, പ്രണായാതുരമായ കവിതകള്‍ക്ക് ഈണമിട്ടു പാടി
മേരെ യാദോംക്കി കഹി മുഹല്ലാമെ തേരി തസ്‌വീര്‍ ഹൈ.
മേരെ മന്‍ ക്കി ചാരോം തരഫ് തേരി തസ്‌വീര്‍ ഹൈ
മേരെ കമരോം കീ സാരാ ദീവാരോം പര്‍ തേരി തസ്‌വീര്‍ ഹൈ
മേം കഹി ദേഖാ ത്തോ വഹാം സബ് തേരി തസ്‌വീര്‍ ഹൈ
മേരാ മന്‍, ശരീര്‍ ദുനിയാ പൂരാ തേരി തസ്‌വീര്‍ ഹൈ.
ഇന്നവന്റെ ഇഷ്ട സ്ഥലം ശവപറമ്പാണ്, ഭാരതപുഴയിലെ മണല്‍ തിട്ടയില്‍ കുഴിച്ചിടപ്പെട്ട അപ്പുവേട്ടന്റേയും , കൃഷ്ണേട്ടന്റേയും ശവകൂനകരികെ നിലാവില്‍ ഓരിടുന്ന കുറുനരികള്‍ക്കുമിടയില്‍ യാമങ്ങളെ നിദ്രാവിഹീനങ്ങളാക്കി സദ്ദാദ് പാടി
വിളിച്ചു അവളെന്നെ അരികിലേക്ക്
ചെന്നു ഞാനവളുടെ അരികിലേക്ക്
അധരങ്ങള്‍കൊണ്ടെന്റെ അധരങ്ങളില്‍
മധുരം നല്‍കി.
രതി ലഹരിയില്‍ ഞാന്‍ എന്നെ മറന്നു
എന്നിട്ടും അവളെന്നെ ..... ഹഹ ഹഹ
പിന്നെ വരികള്‍ക്ക് പൊട്ടിചിരിയുടെ ..പിന്നെയത് ആര്‍ത്തനാദമായി .
ചിരി നിന്നു സജ്ജാദ് ദേഷ്യത്തോടെ സ്വയം ആരോടിന്നില്ലാതെ പറഞ്ഞു
അവള്‍ക്കെന്നെ അറിയില്ലത്രെ .. അവള്‍ക്കെന്നെ അറിയില്ലത്രെ .. അവള്‍ക്കെന്നെ അറിയില്ലത്രെ
ഒരു നിമിഷത്തിന്റെ ആയിരത്തൊന്നു അംശത്തിന്റെ മാറ്റത്തിനുള്ളില്‍ അവളെന്നെ അറിയാതെ പോയി .. സജ്ജാദ് ഉറക്കെ ഉറക്കെ പറഞ്ഞു .. പിന്നെയത് കരച്ചിലായി. തേങ്ങലായ് തികച്ചും നിശബ്ദമായി.
സജ്ജാദിനേയും അവളേയും കിടപ്പറയില്‍ നിന്നു പിടിക്കപ്പെട്ടപ്പോള്‍ അവള്‍ ഉണ്ണിയാര്‍ച്ചയുടെ തനി സ്വരൂപമായി
ഇവനെന്നെ കയറി പിടിച്ചു, പൊതിരെ തല്ലു കിട്ടിയ സജ്ജാദിനെ പോലീസിലേല്‍പ്പിച്ചു.
കോടതി സജ്ജാദിനെ വെറുതെ വിട്ടു. സജ്ജാദിന് മാനസ്സികരോകമെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാല്‍.
കോടതി സജ്ജാദിനെ മോചിപ്പിച്ച ദിനം
സജ്ജാദിന്റെ വീടിനരികെയുള്ള ശവപറമ്പില്‍ കത്തിയെരിഞ്ഞമര്‍ന്ന ചിതയില്‍ അണയാതെ കിടന്ന തീ കനല്‍ കൂട്ടത്തിലേക്ക് കൈ കയറ്റി വേദനകളെ ആനന്ദമാക്കി അട്ടഹസിച്ചു.
ഇന്നും ഭാരതപുഴയുടെ ശ്മാശനപറമ്പുകളില്‍ ഒറ്റയ്ക്കിരിന്നു ഈണത്തില്‍ പാടുന്ന സജ്ജാദിനെ കാണാം.
സിന്ദഗി കിസീ ക്കാ ഉദാര്‍ ഹൈ
ക്യാ മിലാ വൊ ഉദാര്‍സെ
ന കുച്ച്
ആസ്മാന്‍ പര്‍ ചിടിയോ ഖില്‍ഖിലാത്തെ ഖുശി മനാത്താ ഹൈ
മുജേ...മുജേ.. വൊ ഖുശി ബി നഹി.
മേം പാഗല്‍ ഹും
ലോഗ് പുകാര്‍ത്താ ഹൈ ... യേ പാഗല്‍
ന കിസീക്കൂ മാലും വഹീ ഹൈ പാഗല്‍.
posted by വിചാരം @ 10:57 PM,
15 comments,